തൊടുപുഴ:കോവിഡ് 19ന്റെ രണ്ടാം തരംഗത്തെ തുടർന്ന് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളിലും വാക്‌സിൻ ചലഞ്ചിലും വിജയകരമായ പങ്കാളിത്തം ഉറപ്പു വരുത്താൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭ കുമാറും സെക്രട്ടറി എസ്. സുനിൽ കുമാറും അഭ്യർത്ഥിച്ചു. രാജ്യവ്യാപകമായ പ്രതിദിന രോഗബാധ അപായകരമായ നിലയിൽ ഉയരുകയാണ്. നമ്മുടെ സംസ്ഥാനത്തും വർദ്ധിച്ചു വരുന്ന രോഗ ബാധയും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആശങ്കാജനകമാണ്. രോഗപകർച്ച തടയുവാനുള്ള ഫലപ്രദമായ മാർഗ്ഗം സാർവ്വത്രികവും സൗജന്യവുമായ വാക്‌സിനേഷനാണ്. എന്നാൽ സാർവ്വത്രികമായ വാക്‌സിനേഷൻ എന്ന സാമൂഹിക ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. മാത്രമല്ല സ്വകാര്യ വാക്‌സിൻ ഉത്പാദകരുടെ കൊള്ളക്ക് രാജ്യത്തെ ജനങ്ങളേയും സംസ്ഥാന സർക്കാരുകളേയും എറിഞ്ഞു കൊടുക്കുന്നതാണ് കേന്ദ്ര സർക്കാർ നയം. ഇതേ തുടർന്ന് രാജ്യത്ത് വാക്‌സിൻ ദൗർലഭ്യം സൃഷ്ടിക്കപ്പെടുകയും, വാക്‌സിനേഷൻ പ്രവർത്തനങ്ങൾ താളം തെറ്റുകയും ചെയ്തിരിക്കുകയാണ്. വാക്‌സിൻ ക്ഷാമത്തിനൊപ്പം ഓക്‌സിജൻ ക്ഷാമവും കൂടി ചേർന്നതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് ഭീതിതമായി ഉയരുകയാണ്. ചികത്സയും ആശുപത്രി സൗകര്യങ്ങളുമില്ലാതെ ജനങ്ങൾ വലയുന്ന കാഴ്ചയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്. കേരളത്തിന്റെ പൊതു സമൂഹം സ്വമനസാലെ വാക്‌സിനുള്ള പണം കണ്ടെത്താൻ സർക്കാരിനെ സഹായിക്കുവാനുളള വാക്‌സിൻ ചലഞ്ചിന് തുടക്കമിട്ടത്. തങ്ങളാൽ കഴിയുന്ന തുക വാക്‌സിൻ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള വാക്‌സിൻ ചലഞ്ച് ഏറ്റെടുക്കാൻ മുഴുവൻ ജീവനക്കാരും തയ്യാറെകണം. അതിനൊപ്പം രോഗ പകർച്ചയുടെ തോത് കുറച്ച് കൊണ്ട് വരുവാനും , രോഗവ്യാപനം കുറയ്ക്കുവാനുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ജീവനക്കാരുടെ നിസീമമായ ഇടപെടൽ ഉണ്ടാകണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി എൻ.ജി ഒ യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെൽപ് ഡസ്‌ക് പ്രവർത്തനമാരംഭിച്ചു. വാക്‌സിനേഷനുളള രജിസ്‌ടേഷൻ, രോഗ ബാധിതരുട വിവരശേഖരണം, വിവാഹം , മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിലെ രജിസ്‌ടേഷൻ എന്നീ സേവനങ്ങൾ ഹെൽപ്പ് ഡസ്‌കിൽ ലഭ്യമാകും സഹായങ്ങൾ ആവശ്യമായി വരുന്നവർ 9496434653 / 8281137691 / 9188240351 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.