തൊടുപുഴ: നീണ്ട കാത്തിരിപ്പിന് വിരാമം. നമ്മെ ആര് ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം. മലനാട്ടിൽ ആര് വാഴുമെന്നും ആര് വീഴുമെന്നും ഉച്ചയോടെ വ്യക്തമാകും. ജില്ലയിൽ അഞ്ചു മണ്ഡലങ്ങളിലായി അഞ്ച് വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. രാവിലെ കൃത്യം എട്ടിന് പോസ്റ്റൽ വോട്ടുകൾ എണ്ണാൻ ആരംഭിക്കും. എട്ടരയ്ക്ക് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങും. രാവിലെ ഒമ്പത് മണിയോടെ ആദ്യ ഫല സൂചന ലഭ്യമാകും. പത്തരയോടെ ട്രെൻഡ് മനസിലാകും. 12 മണിയോടെ ആര് തിരുവനന്തപുരത്തേക്ക് വണ്ടി കയറുമെന്ന് വ്യക്തമാകും. നിയമസഭാ മണ്ഡലങ്ങളിൽ നിയോഗിച്ചിട്ടുള്ള വരണാധികാരികളുടെ പൂർണ നിയന്ത്രണത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക. പോസ്റ്റൽ ബാലറ്റുകൾ മുഴുവൻ എണ്ണിത്തീർന്ന ശേഷമേ ഇ.വി.എമ്മുകളുടെ അവസാന റൗണ്ട് വോട്ടേണ്ണൽ നടത്താവൂ എന്ന മുൻ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിവാക്കിയിട്ടുണ്ട്. ഇ.വി.എം പൂർണമായി എണ്ണി രേഖപ്പെടുത്തിയ ശേഷമായിരിക്കും അതിനോട് പോസ്റ്റൽ വോട്ടുകളുടെ എണ്ണം ചേർക്കുക. ഫലപ്രഖ്യാപനം കഴിവതും നേരത്തെയാക്കാൻ ടേബിളുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പോസ്റ്റൽ ബാലറ്റിനുള്ള ടേബിളുകളും കൂട്ടിയിട്ടുണ്ട്.
അഞ്ചു നിയോജകമണ്ഡലങ്ങളിലും ഒബസർവർമാരും ബി.എച്ച്.ഇ.എൽ എൻജിനീയർമാരും ഉണ്ടാകും. വോട്ടെണ്ണൽ പൂർത്തിയായാൽ ഒബ്‌സർവർമാരുടെ അനുമതിയോടെ വരണാധികാരി വിജയികളെ പ്രഖ്യാപിക്കും. സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതിന് വിജയിക്കൊപ്പം രണ്ടുപേർ മാത്രമേ വരണാധികാരിക്ക് മുന്നിൽ ഹാജരാകാൻ പാടുള്ളൂ. ഗേറ്റിന് പുറത്തും ആൾക്കൂട്ടം അനുവദിക്കില്ല.
കൊവിഡ് നിയന്ത്രണങ്ങളോടെ
പതിവുപോലെ ആവേശത്തിലായിരുന്നു തിരഞ്ഞെടുപ്പെങ്കിലും ഏകദേശം ഒരു മാസത്തോളം കഴിഞ്ഞ് വോട്ടെണ്ണുമ്പോൾ കൊവിഡ് രണ്ടാംവരവിന്റെ നിയന്ത്രണങ്ങളിലാണു നാട്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഏറ്റവും കുറച്ചു ജിവനക്കാരെ ഉപയോഗിച്ചായിരിക്കും വോട്ടെണ്ണലെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നതിന് 150 ചതുരശ്ര അടിയിൽ ഒരു മേശ എന്ന ക്രമത്തിലാണ് കൗണ്ടിംഗ് മേശ ഒരുക്കിയിട്ടുള്ളത്. കൗണ്ടിംഗ് സ്റ്റാഫ് ഒരു വശത്തും കൗണ്ടിംഗ് ഏജന്റുമാർ മേശയുടെ മറുവശത്തുമായാണ് ഇരിപ്പിടം. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്ത ആരെയും കൗണ്ടിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. തിക്കും തിരക്കും കുറയ്ക്കാൻ കൗണ്ടിംഗ് ടേബിളിന്റെ എണ്ണം കുറച്ചിട്ടുണ്ട്. അതിനാൽ റൗണ്ടുകളുടെ എണ്ണം കൂടും. എങ്കിലും ഉച്ചയോടെ എണ്ണൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒരു മേശയിൽ 500 പോസ്റ്റൽ ബാലറ്റ് എന്ന നിലയിൽ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണുന്ന എല്ലാ ഹാളിലും മൈക്രോ ഒബ്‌സർവർമാരെയും എ.ആർ.ഒമാരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവ ലഭ്യമാക്കും. ആവശ്യമുള്ളവർക്ക് പി.പി.ഇ കിറ്റും നൽകും.
ആഘോഷം വഴിമാറും
വാശിയേറിയ പ്രവർത്തനത്തിന് ശേഷം വോട്ടെണ്ണുമ്പോൾ തങ്ങളുടെ സ്ഥാനാർത്ഥി വിജയിച്ചാൽ ആഘോഷിക്കാനാവാത്ത ഗതികേടിലാണ് അണികൾ. ഇത്തരമൊരു വോട്ടെണ്ണൽ ചരിത്രത്തിൽ ആദ്യമായിരിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു പുറത്തു പതിവുള്ള ആഘോഷം ഇത്തവണയില്ല. മുദ്രാവാക്യം വിളിയോ പ്രകടനങ്ങളോ ഒന്നുമുണ്ടാകില്ല. ആരെയും ആ പ്രദേശത്തേക്കു പോലും പൊലീസ് അടുപ്പിക്കില്ല. ഇതു ലംഘിക്കുന്നവരെ കർശനമായി നേരിടാനാണു നിർദേശം. വീടുകളിലോ പാർട്ടി ആഫിസുകളിലോ മാത്രമായി ആവേശം ഒടുങ്ങും. വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്റുമാർ, കൗണ്ടിങ് ഉദ്യോഗസ്ഥർ, പൊലീസ്, മാദ്ധ്യമ പ്രവർത്തകർ, വോട്ടെണ്ണലിന്റെ ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമാണ് പ്രവേശനം.
അഞ്ച് വോട്ടെണ്ണൽ കേന്ദ്രങ്ങൾ
ദേവികുളം- മൂന്നാർ എൻജിനീയറിംഗ് കോളേജ്
15 ടേബിളുകൾ
17 റൗണ്ടുകൾ
പോസ്റ്റൽ ബാലറ്റ്- നാലു റൗണ്ടുകൾ
ഉടുമ്പഞ്ചോല- നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ
18 ടേബിളുകൾ
13 റൗണ്ടുകൾ
പോസ്റ്റൽ ബാലറ്റ്- ആറു റൗണ്ടുകൾ
തൊടുപുഴ- തൊടുപുഴ ന്യൂമാൻ കോളേജ്
18 ടേബിളുകൾ
16 റൗണ്ടുകൾ
പോസ്റ്റൽ ബാലറ്റ്- 10 റൗണ്ടുകൾ
ഇടുക്കി- പൈനാവ് എം.ആർ.എസ് സ്‌കൂൾ
16 ടേബിളുകൾ
18 റൗണ്ടുകൾ
പോസ്റ്റൽ ബാലറ്റ്- ആറു റൗണ്ടുകൾ
പീരുമേട്- പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ
18 ടേബിളുകൾ
15 റൗണ്ടുകൾ
പോസ്റ്റൽ ബാലറ്റ്- നാലു റൗണ്ടുകൾ