ഇടുക്കി:കൊവിഡിന്റെ രണ്ടാം തരംഗത്തിലെ വ്യാപനത്തിൽ ഓക്‌സിജൻ വിതരണത്തിൽ കേന്ദ്രീകൃത സംവിധാനം നടപ്പിലാക്കാൻ തീരുമാനം.ജില്ലാ കലക്ടർ എച്ച് ദിനേശൻ വിളിച്ചുചേർത്ത യോഗത്തിലാണ് ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സിലിണ്ടറിന്റെ തൽസമയ ലഭ്യത ചികിത്സാ കേന്ദ്രങ്ങളെ അറിയിക്കുന്നതിനും സമയബന്ധിതമായി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനത്തിന് തീരുമാനമായത്. സർക്കാർ ,സ്വകാര്യ മേഖലയിലുള്ള ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യതയും വിതരണവും ഏകോപിപ്പിക്കുന്നതിന് ജില്ലാ കലക്ടർ അദ്ധ്യക്ഷനും എ.ഡി.എം നോഡൽ ഓഫീസറുമായി സമിതി രൂപീകരിച്ചു.

സർക്കാർ , സ്വകാര്യ ആശുപത്രികളിലെ ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യതാ വിവരം ഇ- ജാഗ്രതാ പോർട്ടലിൽ ലഭ്യമാക്കും. ഓക്‌സിജൻ സിലിണ്ടർ ലഭ്യത, നിറയ്ക്കൽ, ആവശ്യകത, വിതരണം എന്നിവയുടെ ഏകോപനം ഇനി പോർട്ടൽ വഴി ഏകീകരിക്കും. ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോർട്ട് യൂണിറ്റ് (ഡിപിഎംഎസ്‌യു) മായും സംസ്ഥാന മാനേജ്‌മെന്റ് യൂണിറ്റുമായും ദിശ, ജില്ലാ കൺട്രോൾ റൂം, ടെലി ഹെൽത്ത് ഹെൽപ് ലൈൻ, സ്വകാര്യസർക്കാർ ആശുപത്രികളിലെ നോഡൽ ഓഫീസർമാരുമായുള്ള ഓക്‌സിജൻ ലഭ്യത സംബന്ധിച്ച ഏകോപനവും ഇനി ജില്ലാ ഓക്‌സിജൻ മാനേജ്‌മെന്റ് സംവിധാനം വഴിയായിരിക്കും. ജില്ലയിലെ വ്യവസായ വകുപ്പ്, ഐറ്റിഐകൾ എന്നിവിടങ്ങളിലെ ഓക്‌സിജൻ സിലിണ്ടർ ഏറ്റെടുക്കാനും പ്രവർത്തന ക്ഷമമാക്കി കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനും യോഗം തീരുമാനിച്ചു. ഓക്‌സിജൻ മാനേജ്‌മെന്റ് സമിതിയും ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സമിതിയും സ്ഥിതിഗതി അവലോകനം ചെയ്ത് തത്സമയ ചികിത്സാ സൗകര്യ ലഭ്യത അറിയിക്കുവാനും ജില്ലാ കലക്ടർ ആരോഗ്യപ്രവർത്തകരോട് നിർദ്ദേശിച്ചു. സർക്കാർസ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ സിലിണ്ടർ അറ്റകുറ്റപ്പണിനടത്താതെയും, ഉപയോഗക്ഷമമല്ലാതെയും, സമയബന്ധിതമായി നിറച്ചുവെയ്ക്കാതെയും സൂക്ഷിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ആശുപത്രി സൂപ്രണ്ടുമാർ ഉത്തരവാദിയായിരിക്കുമെന്നും ദുരന്ത നിവാരണ സമിതി ചെയർമാൻ മുന്നറിയിപ്പ് നൽകി.

. എഡിഎം അനിൽകുമാർ എം റ്റി, അസി. കലക്ടർ സൂരജ് ഷാജി, ജില്ലാ പ്രൊജ്ര്രക് മാനേജർ ഡോ. സുജിത് സുകുമാരൻ എന്നിവർ ജില്ലാ കലക്ടറുടെ ചേമ്പറിലും, ദേവികുളം സബ് കലക്ടർ പ്രേം കൃഷ്ണൻ സമിതി അംഗങ്ങൾ എന്നിവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

ഇവർ നിരീക്ഷിക്കും

ആർദ്രം നോഡൽ ഓഫീസർ ഡോ. അജി പി എൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജില്ലാ കോഓർഡിനേറ്റർ റോജിത് മാത്യു, ബയോമെഡിക്കൽ എൻജിനീയർ രേഖാമോൾ പി. ആർ എന്നിവർ അംഗങ്ങളായ സമിതിയുടെ നിരീക്ഷണത്തിലായിരിക്കും ഇനി ഓക്‌സിജൻ വിതരണം.