ഇടുക്കി: നിർണായക തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ വൻ പ്രതീക്ഷയിലാണ് ഇരുമുന്നണികളും. നേരത്തെ അവകാശപ്പെട്ടതുപോലെയല്ല, അഞ്ചിൽ മൂന്ന് മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടന്നതെന്ന് മുന്നണികൾ വിലയിരുത്തുന്നു. പൊതുവെ യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്ന ജില്ലയാണ് ഇടുക്കിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ഒന്നര പതിറ്റാണ്ടായി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വ്യക്തമായമേൽക്കൈയുണ്ട്. കഴിഞ്ഞ മൂന്ന് ടേമുകളിലായി കോൺഗ്രസിന് ഒരു എം.എൽ.എപോലും ഇടുക്കിയിലില്ല. നിലവിൽ തൊടുപുഴയൊഴിച്ച് മറ്റ് നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ഈമേൽക്കൈ നഷ്ടമാകാതിരിക്കാനാനുള്ള ഇടതുപക്ഷത്തിന്റെ തീവ്രശ്രമമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടത്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഡീൻ കുര്യാക്കോസ് നേടിയ ഒന്നേമുക്കാൽ ലക്ഷത്തിന്റെ ഭൂരിപക്ഷം, നഷ്ടമായ സീറ്റുകളെല്ലാം തിരികെ പിടിക്കാമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പിലെ ഫലമനുസരിച്ച് ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോൾ തൊടുപുഴയിലും ദേവികുളത്തും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. തദ്ദേശതിരഞ്ഞെടുപ്പിൽ ഹൈറേഞ്ചിലടക്കം എൽ.ഡി.എഫിന് നേട്ടമുണ്ടാക്കി കൊടുത്ത കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ സ്വാധീനവും ഈ തിരഞ്ഞെടുപ്പിൽ നിർണായകമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിന്റെ പിന്തുണയോടെ മികച്ച പ്രകടനം കാഴ്ചവച്ച എൻ.ഡി.എയുടെ ഇത്തവണത്തെ പ്രകടനം എങ്ങനെയാകുമെന്നതും കാത്തിരുന്നത് കാണണം.
ചർച്ചാവിഷയങ്ങൾ അനവധി
നിർമാണ നിരോധന നിയമം ജില്ലയിൽ മുഴുവൻ ബാധകമാക്കിയതും ഭൂപതിവ് ചട്ടങ്ങൾഭേദഗതി ചെയ്യാത്തതുമാണ് ജില്ലയിൽ പ്രതിപക്ഷമുയർത്തിയ പ്രധാന പ്രശ്‌നം. ഈ വിഷയത്തിൽ മാർച്ച് 26ന് യു.ഡി.എഫ് ജില്ലാ ഹർത്താലും നടത്തി. തമിഴ്‌തോട്ടം തൊഴിലാളികളുടെ ശോചനീയമായ ജീവിത സാചര്യം, കർഷകപ്രശ്‌നങ്ങൾ, പ്രളയ പുനരധിവാസം, ഇടുക്കി പാക്കേജ്, പട്ടയം എന്നിവയെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു.
പൊതുസ്ഥിതി
തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല,ദേവികുളം എന്നിങ്ങനെ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2016ലെ തിരഞ്ഞെടുപ്പിൽ തൊടുപുഴയും ഇടുക്കിയുമൊഴിച്ച് ബാക്കി മൂന്ന് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു. പിന്നീട് കേരളകോൺഗ്രസ് (എം) എൽ.ഡി.എഫിലെത്തിയതോടെ റോഷി അഗസ്റ്റ്യൻ പ്രതിനിധീകരിക്കുന്ന ഇടുക്കിയും ഇടതിനൊപ്പമെത്തി. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ ഇടുക്കി മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റോഷി അഗസ്റ്റ്യനാണ് വിജയിക്കുന്നത്. കഴിഞ്ഞവട്ടം 9,333 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഫ്രാൻസിസ് ജോർജിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ടേമുകളിലായി ഇടതിനൊപ്പം അടിയുറച്ച് നിൽക്കുന്ന പീരുമേട് നിയോജകമണ്ഡലത്തിൽ കോൺഗ്രസിലെ സിറിയക് തോമസിനെതിരെ വെറും 314വോട്ടുകൾക്കായിരുന്നു സി.പി.ഐയിലെ ഇ.എസ്. ബിജിമോളുടെ വിജയം. ഒന്നര പതിറ്റാണ്ടായി ഇടതുപക്ഷം ഭരിക്കുന്ന തമിഴ് തോട്ടംതൊഴിലാളികളേറെയുള്ള ദേവികുളം മണ്ഡലത്തിൽ 2016ൽ കോൺഗ്രസിലെ എ.കെ. മണി സി.പി.എമ്മിലെ എസ്. രാജേന്ദ്രനോട് 5,782 വോട്ടുകൾക്കാണ് തോറ്റത്. എക്കാലവും കോൺഗ്രസിനോടും കേരളകോൺഗ്രസിനോടുമൊപ്പം നിൽക്കുന്ന തൊടുപുഴ നിയോജകമണ്ഡലത്തിൽ കഴിഞ്ഞതവണ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടിയാണ് പി.ജെ.ജോസഫ് വിജയിച്ചത് 45,587. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച വാരികാട്ടിനെയായിരുന്നു ജോസഫ് തോൽപ്പിച്ചത്. ഉടുമ്പഞ്ചോല മണ്ഡലത്തിൽ സി.പി.എമ്മിലെ എം.എം. മണി
1109 വോട്ടുകൾക്കായിരുന്നു കോൺഗ്രസിലെ സേനാപതിവേണുവിനെ പരാജയപ്പെടുത്തിയത്.
ചരിത്രം
ആകെയുള്ള അഞ്ചുസീറ്റിൽ 2006 മുതൽമേൽക്കൈ എൽ.ഡി.എഫിനാണ്.
1991ലെ തിരഞ്ഞെടുപ്പിൽ അഞ്ചുസീറ്റും യു.ഡി.എഫിനായിരുന്നു. അതിൽ തൊടുപുഴയിൽ പി.ടി.തോമസ് ഉൾപ്പെടെ നാലിടത്തും ജയിച്ചത് കോൺഗ്രസും. 1996ൽ പക്ഷേ, സ്ഥിതി മാറി. തൊടുപുഴയും പീരുമേടും ഇടുക്കിയും ജയിച്ചത് എൽ.ഡി.എഫ് ആയിരുന്നു. യു.ഡി.എഫിന് രണ്ടുസീറ്റ് മാത്രം. അന്ന് പി.ജെ. ജോസഫ് ഇടതുപക്ഷത്താണ്. 2001ൽ വീണ്ടും യു.ഡി.എഫ് ആധിപത്യം ആയി. തൊടുപുഴ ഉൾപ്പെടെ നാലിടത്ത് യു.ഡി.എഫ് ജയിച്ചപ്പോൾ എൽ.ഡി.എഫിന് ഉടുമ്പൻചോല മാത്രം കിട്ടി. തുടർച്ചയായി യു.ഡി.എഫ് ജയിച്ചുവന്ന ഇവിടെ കെ.കെ. ജയചന്ദ്രൻ ആദ്യമായി എം.എൽ.എയായി. 2006ൽ വീണ്ടും കഥമാറി. അഞ്ചിൽ നാലും എൽ.ഡി.എഫ് ജയിച്ചപ്പോൾ യു.ഡി.എഫിന് ഇടുക്കി മണ്ഡലം മാത്രം. അന്ന് മുതൽ കോൺഗ്രസിന് ഒരു എം.എൽ.എ പോലും ഇല്ലാതായി. 2011 ആയപ്പോഴേക്കും പി.ജെ.ജോസഫ് എൽ.ഡി.എഫ് വിട്ടു. 2011- 16 തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- 3, യു.ഡി.എഫ്- 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. കേരളകോൺഗ്രസിന്റെ ബലത്തിലാണ് യു.ഡി.എഫ് ഇടുക്കിയിലും തൊടുപുഴയിലും ജയിച്ചത്.
സാദ്ധ്യത
1991ൽ പി.ടി. തോമസിനോടല്ലാതെ തൊടുപുഴ മണ്ഡലത്തിൽ കഴിഞ്ഞ അമ്പത് വർഷത്തിനിടെ ജോസഫ് പരാജയപ്പെട്ടിട്ടില്ല. ആ ആത്മവിശ്വാസത്തിലാണ് പി.ജെ. ജോസഫ് പ്രചരണത്തിലുള്ളത്. 1109 വോട്ടിന്റെ നിസാര ഭൂരിപക്ഷത്തിന് ജയിച്ച പഴയ മണിയാശാനല്ല ഇത്തവണ ഉടുമ്പഞ്ചോലയിൽ മത്സരിച്ചത്. മന്ത്രിയായശേഷമുള്ള പ്രവർത്തനം ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളിലെത്തിക്കുമെന്നാണ് കണക്കുക്കൂട്ടൽ. പീരുമേട്, ദേവികുളം, ഇടുക്കി മണ്ഡലങ്ങളിൽ ആർക്കും വ്യക്തമായ മേൽക്കൈ പ്രവചിക്കാനാവാത്തവിധം കടുത്തപോരാട്ടമാണ് നടന്നത്. ദേവികുളത്തും പീരുമേടും അട്ടിമറിയുണ്ടായാലും അദ്ഭുതപ്പെടേണ്ടതില്ല.
നിലവിലെ സ്ഥിതി
ആകെ സീറ്റ്- 05
യു.ഡി.എഫ്- 01
എൽ.ഡി.എഫ്- 04
2016ലെ വോട്ടിംഗ് ശതമാനം
യു.ഡി.എഫ്- 43.46 %
എൽ.ഡി.എഫ്- 36.91 %
എൻ.ഡി.എ- 14.88 %
മറ്റുള്ളവർ- 4.73 %