അറക്കുളം: അറക്കുളം പഞ്ചായത്തിലെ ഏഴാം വാർഡായ പതിപ്പള്ളിയിലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനങ്ങൾ മഴക്കാല പൂർവ ശുചീകരണം നടത്തി. റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചും കൊതുക് വളരാൻ സാദ്ധ്യതയുള്ള വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, കുപ്പികൾ, പഴയ പാത്രങ്ങൾ അടക്കമുള്ള ഉറവിടങ്ങൾ നിർമാർജനം ചെയ്തുമാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. പതിപ്പള്ളി ട്രൈബൽ സ്‌കൂൾ പരിസരവും ബസ് സ്റ്റോപ്പും ചേറാടിയിലെ കുടിവെള്ള സ്രോതസുകളും ശുചീകരിച്ചു. തെക്കുംഭാഗത്തെ അംഗൻവാടി, സാംസ്‌കാരിക നിലയ പരിസരങ്ങൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ വൃത്തിയാക്കി. പതിപ്പള്ളി ട്രൈബൽ സ്‌കൂളിലെ കുട്ടികൾ അവരുടെ വീടുകളും പരിസരവും ശുചീകരിച്ചു. തൊഴിലുറപ്പ്, കുടുംബശ്രീ, വിവിധ സമുദായ സംഘടനകൾ, യുവജന സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ കൊവിഡിനെ പ്രതിരോധിക്കാൻ വേണ്ട ബോധവത്കരണം നടത്തുകയും ചെയ്തു. മാസ്‌കുകൾ കുറവുള്ള പ്രദേശങ്ങളിൽ ജനങ്ങൾക്ക് സൗജന്യമായി മാസ്‌ക്കുകളും വിതരണം നടത്തി.