തൊടുപുഴ: ഇബ്രാഹിംകുട്ടി കല്ലാർ ഇത്രയും പ്രതീക്ഷിച്ചില്ല,വെറുമൊരു ആവേശത്തിനല്ല ഉറച്ച ആത്മവിശ്വാസത്തിലാണ് മോതിരംചലഞ്ച് നടത്തിയത്, പക്ഷെ സംഗതി പാളി. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ നടത്തിയ സ്വർണമോതിര ചലഞ്ചിന്റെ ബാക്കി ഭാഗമാണ് പലരുംകൗതുകത്തോടെ നോക്കുന്നത്. . ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേതെങ്കിലും എൽ.ഡി.എഫ് വിജയിച്ചാൽ സ്വർണമോതിരം നൽകുമെന്നായിരുന്നു കല്ലാറിന്റെ വാഗ്ദാനം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇബ്രാഹിംകുട്ടി കല്ലാർ സമാനമായ സ്വർണമോതിര ചലഞ്ച് നടത്തിയിരുന്നു. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലത്തിലും യു.ഡി.എഫ് ലീഡ് ചെയ്യുമെന്നും മറിച്ച് സംഭവിച്ചാൽ എൽ.ഡി.എഫിന് ഒരു സ്വർണമോതിരം നൽകുമെന്നുമായിരുന്നു വാഗ്ദാനം. അമിത ആത്മവിശ്വാസമാണിതെന്ന് അന്ന് കോൺഗ്രസുകാർ അടക്കംപറഞ്ഞിരുന്നു. എന്നാൽ ഫലം വന്നപ്പോൾ കല്ലാറിന്റെ വാക്കുകൾ അക്ഷരംപ്രതി ശരായി. ഇടുക്കിയിലും എറണാകുളത്തുമായുള്ള ഇടുക്കി പാർലിമെന്റ് മണ്ഡലത്തിൽ ഏഴിൽ രണ്ടിടത്ത് മുപ്പതിനായിരവും നാലിടത്ത് ഇരുപതിനായിരവും ലീഡാണ് ഡീൻ നേടിയത്. എന്ത് സംഭവിച്ചാലും ജോയ്‌സ് ലീഡ് ചെയ്യുമെന്ന് കോൺഗ്രസുകാർ പോലും വിശ്വസിച്ചിരുന്ന ഉടുമ്പഞ്ചോലയിൽ പോലും പതിനായിരത്തിലേറെ ഭൂരിപക്ഷം കിട്ടി. എന്നാൽ അന്ന് ചലഞ്ച് എൽ.ഡി.എഫുകാർ ആരും ഏറ്റെടുക്കാതിരുന്നതിനാൽ മോതിരം പോയില്ല. എന്നാൽ ഇത്തവണ കല്ലാറിന്റെ ചല‌ഞ്ച് മന്ത്രി എം.എം. മണി ഏറ്റെടുത്തിരുന്നു. അഞ്ച് മോതിരവും പോകാതെ നോക്കിക്കോളാനായിരുന്നു മന്ത്രിയുടെ പ്രതികരണം. മണിയാശാനെപ്പോലെ മറ്റുള്ളവർ വെല്ലുവിളി ഏറ്റെടുക്കാതിരുന്നത് കല്ലാറിന്റെ ഭാഗ്യം അല്ലായിരുന്നെങ്കിൽ നാല്മോതിരം നഷ്ടമായേനെ.