പീരുമേട്: അവസാന നിമിഷംവരെ പിടിച്ച് നിന്നു, ഒടുവിൽ ചെറിയ മാർജിനിൽ പരാജയം. പീരുമേട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സിറിയക് തോമസിന്റ പരാജയം യു.ഡി.എഫ് കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച്കളഞ്ഞു. സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിക്കുന്നതിന്റെ അലയൊലികൾ ജില്ലയിലും പ്രതിഫലിക്കാൻ തുടങ്ങിയപ്പോഴും അതിലൊന്നും ആടി ഉലയാതെ നിന്നത് തൊടുപുഴയും പീരുമേടുമായിരുന്നു. തൊടുപുഴ പി.ജെ. ജോസഫിന് തന്നെ എന്നുറപ്പിച്ചരുന്നതിനാൽ പിന്നീടുള്ള ശ്രദ്ധ പീരുമേട്ടിലേക്കായി. അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി തുടക്കം മുതൽ പടിപടിയായി ലീഡ് വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാവരും വിജയം സിറിയക് തോമസിനെന്ന് ഉറപ്പിച്ചപ്പോഴും വാഴൂർ സോമനും മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതലക്കാരും തികഞ്ഞ ആത്മവിശ്വസം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് പല യു.ഡി.എഫ് വൻമരങ്ങളും കടപുഴകി വീണപ്പോഴും പീരുമേട്ടിൽ യു.ഡി.എഫ് അവസാന റൗണ്ടിലേക്ക് എത്തുംവരെ മുന്നുന്നിട്ടുനിന്നു. എന്നാൽ അവസാന റൗണ്ടിൽ പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകൾ എണ്ണിയപ്പോൾ ലീഡ് നില മാറിമറിഞ്ഞ് എൽ.ഡി.എഫ് മണ്ഡലം കൈപ്പിടിയിലൊതുക്കുകയായിരുന്നു. വാഴൂർ സോമന്റെ വിജയം 1808 വോട്ടിനായിരുന്നു. കഴിഞ്ഞ തവണ സമാനമായി രീതിയിൽ അവസാന റൗണ്ട് വോട്ടെണ്ണലിലായിരുന്നു എൽ. ഡി. എഫ് സ്ഥാനാർത്ഥി ഇ.എസ്. ബിജിമോൾ 314 വോട്ടിന് ഇവിടെ നിന്ന് ജയിച്ചത്. മണ്ഡലത്തിൽ പരാജയപ്പെട്ടത്തോടെ 15 വർഷത്തിന് ശേഷം ജില്ലയിൽ ഒരു എം.എൽ.എയെന്ന കോൺഗ്രസ് സ്വപ്നവും അസ്ഥാനത്തായി.