ഇടുക്കി: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ നാലും പിടിച്ച് എൽ.ഡി.എഫ് കരുത്തു കാട്ടിയപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് തൊടുപുഴയിൽ യു.ഡി.എഫിലെ പി.ജെ.ജോസഫിന് മാത്രം. അദ്ദേഹത്തിന്റെ ഭൂരിപക്ഷം (20259) പകുതിയായി കുറയുകയും ചെയ്തു.
കഴിഞ്ഞ തവണ 1109 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മന്ത്രി എം.എം. മണി ഉടുമ്പഞ്ചോലയിൽ 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചരിത്രവിജയമാണ് എൽ.ഡി.എഫിന് നേടിക്കൊടുത്തത്.
കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനൊപ്പം നിന്ന് ഇടുക്കി മണ്ഡലത്തിൽ വിജയിച്ച കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റ്യൻ മുന്നണി മാറിയിട്ടും ജയം ആവർത്തിച്ചു. 2006ൽ നാല് സീറ്റിൽ പരാജയപ്പെട്ടപ്പോഴും യു.ഡി.എഫിന്റെ ഉറച്ച കോട്ടയായി നിന്ന മണ്ഡലമാണ് ഇടുക്കി. അതിനുശേഷം എൽ.ഡി.എഫിന് നാലു മണ്ഡലങ്ങൾ കിട്ടുന്നത് ഇപ്പോഴാണ്.
പീരുമേടും ദേവികുളവുമാണ് എൽ.ഡി.എഫ് സ്വന്തമാക്കിയ മറ്റു രണ്ടു മണ്ഡലങ്ങൾ.
പീരുമേടിൽ യു.ഡി.എഫിലെ സിറിയക് തോമസിനെ അവസാന റൗണ്ടിലാണ് എൽ.ഡി.എഫിലെ വാഴൂർ സോമൻ 1835 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മറികടന്നത്. പട്ടികവർഗ സംവരണ മണ്ഡലമായ ദേവികുളം തുടർച്ചയായ നാലാം തവണയാണ് ഇടതുപക്ഷം സ്വന്തമാക്കുന്നത്. ഡി.വൈ.എഫ്.ഐ നേതാവായ എ. രാജായാണ് ജയിച്ചത്.