തൊടുപുഴ: ഇരുകേരളകോൺഗ്രസുകൾക്കും നിർണായകമായ തിരഞ്ഞെടുപ്പിൽ തങ്ങളുടെ ശക്തി തെളിയിച്ച് ജോസ് കെ. മാണി വിഭാഗം. 15 വർഷങ്ങൾക്ക് ശേഷം ജില്ലയിൽ എൽ.ഡി.എഫ് നാല് സീറ്റുകളിലും വിജയിക്കാൻ ഇടയാക്കിയതിൽ ജോസ് കെ. മാണി വിഭാഗത്തിന്റെ പിന്തുണ വളരെ വലുതാണ്.

ഇടുക്കിയിൽ പാർട്ടിയിലെ രണ്ടാമനായ റോഷി അഗസ്റ്റിൻ വിജയിച്ചു കയറിയതിനു പുറമേ തൊടുപുഴയിൽ പി.ജെ ജോസഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ പകുതിയോളം കുറയ്ക്കാൻ കഴിഞ്ഞത് രാഷ്ട്രീയ നേട്ടമായാണ് പാർട്ടി കാണുന്നത്. എക്കാലവും യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായിരുന്ന ഇടുക്കിയിൽ വിജയിച്ചതിലൂടെ റോഷി അതിശക്തനായി മാറി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിൽ നേട്ടമുണ്ടാക്കാനും എൽ.ഡി.എഫ് വിജയത്തിൽ നിർണായക ഘടകമാകാനും പാർട്ടിക്ക് കഴിഞ്ഞിരുന്നു. ഇടുക്കിയിൽ സർവ്വ സന്നാഹങ്ങളുമായി എത്തിയ കോൺഗ്രസിനെയും, ജോസഫ് വിഭാഗത്തെയും പരാജയപ്പെടുത്തിയതിലൂടെ രാഷ്ട്രീയ വിജയം നേടാനായെന്നും അവർ വിലയിരുത്തുന്നു. തൊടുപുഴയിൽ നാൽപ്പതിനായിരത്തിലേക്ക് മുകളിലുണ്ടായിരുന്ന പി.ജെ ജോസഫിന്റെ ഭൂരിപക്ഷം ഇരുപതിനായിരത്തിലേക്ക് താഴ്ത്താൻ എതിർ സ്ഥാനാർഥി കെ.ഐ ആന്റണിക്ക് കഴിഞ്ഞു.