 ജില്ലയിൽ നാലിടത്തും ഇടത്

തൊടുപുഴ: കേരളം ചുവന്നുതുടുത്തു, ഒപ്പം ഇടുക്കിയും. ആഞ്ഞുവീശിയ ഇടത് കൊടുങ്കാറ്റിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പടുത്തുയർത്തിയ കോട്ടയെല്ലാം തകർന്നടിഞ്ഞു. അഞ്ചിൽ നാല് മണ്ഡലങ്ങളിലും ഇടത് തേരോട്ടം. ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ പി.ജെ. ജോസഫിന്റെ തൊടുപുഴ മാത്രമാണ് വീഴാതെ പിടിച്ചുനിന്നത്. 15 വർഷങ്ങൾക്ക് ശേഷമാണ് ജില്ലയിലെ നാല് മണ്ഡലങ്ങളും എൽ.ഡി.എഫ് സ്വന്തമാക്കുന്നത്. 2006ലായിരുന്നു ഇടതുപക്ഷത്തിന് ഇതിന് മുമ്പ് ഇടുക്കിയിൽ ഇതുപോലൊരു വിജയം ലഭിച്ചത്. തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം എന്നിങ്ങനെ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളിലാണ് ഇടതുപക്ഷം സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞെങ്കിലും കേരളകോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് മാത്രമാണ് യു.ഡി.എഫിൽ നിന്ന് വിജയിച്ചത്. കഴിഞ്ഞ തവണ 1109 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച എം.എം. മണി ഉടുമ്പഞ്ചോലയിൽ ഇത്തവണ 38,305 വോട്ടിന്റെ ചരിത്രവിജയം നേടി ഏവരെയും ഞെട്ടിച്ചു. തുടക്കം മുതൽ പീരുമേട് മണ്ഡലത്തിൽ മുന്നിട്ട് നിന്ന യു.ഡി.എഫിലെ സിറിയക് തോമസിനെ പിന്തള്ളി അവസാന റൗണ്ട് വോട്ടെണ്ണിയപ്പോൾ എൽ.ഡി.എഫിലെ വാഴൂർ സോമൻ ഫോട്ടോഫിനിഷിലൂടെ വിജയിച്ചു. 1835 വോട്ടാണ് ഭൂരിപക്ഷം. പട്ടികവർഗ സംവരണ മണ്ഡലമായ ദേവികുളം തുടർച്ചയായ നാലാം തവണയും ഇടതുപക്ഷം സ്വന്തമാക്കി. ഡി.വൈ.എഫ്.ഐ നേതാവായ എ. രാജയാണ് ഇവിടെ നിന്ന് ജയിച്ചത്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനൊപ്പം നിന്ന് ഇടുക്കി മണ്ഡലത്തിൽ വിജയിച്ച് കയറിയ റോഷി അഗസ്റ്റ്യൻ ഇത്തവണ മുന്നണി മാറിയിട്ടും ജയം ആവർത്തിച്ചത് യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചു. 2006ൽ നാല് സീറ്റിൽ പരാജയപ്പെട്ടപ്പോഴും യു.ഡി.എഫിന്റെ ഉറച്ച കോട്ടയായി നിന്ന മണ്ഡലമാണ് ഇടുക്കി. ഇത്തരത്തിൽ കേരളകോൺഗ്രസ് ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിലേക്ക് വന്നതിന്റെ ഗുണം ഹൈറേഞ്ചിലെ നാല് മണ്ഡലങ്ങളിലെ ഫലങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി ജില്ലയിൽ ഒരു എം.എൽ.എയില്ലാത്തതിന്റെ ക്ഷീണം തീർക്കാൻ ഇത്തവണയും കോൺഗ്രസിനായില്ലെന്നതും എടുത്തു പറയേണ്ടതാണ്.