തൊടുപുഴ: ഭൂവിഷയങ്ങളുന്നയിച്ച് യു.ഡി.എഫ് സമര പരമ്പരകൾ തീർത്തിട്ടും തിരഞ്ഞെടുപ്പിൽ വേണ്ടത്ര ഏശിയില്ലെന്നതാണ് തിര‌ഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പല വിവാദങ്ങളും അനുകൂല ഘടകങ്ങളും കിട്ടിയിട്ടും യു.ഡി.എഫിനത് ഉപയോഗിക്കാനായിട്ടില്ല. ഇതിനിടയിലുണ്ടായ പടലപ്പിണക്കങ്ങളും സംഘടന സംവിധാനത്തിലെ വീഴ്ച്ചകളും യു.ഡി.എഫിന് തിരിച്ചടിയായി. ജില്ലയിലെ മൂന്നുമണ്ഡലങ്ങളിലൂടെ പ്രയാണം നടത്തിയ രാഹുൽ ഇഫക്ടും ഫലം ചെയ്തില്ല. മറുവശത്ത് മുന്നണിയിലെ പിണക്കങ്ങളെല്ലാം പരിഹരിച്ച് എൽ.ഡി.എഫ് ചിട്ടയായി മുന്നേറി. ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങളെയും കൃത്യമായി പ്രതിരോധിക്കാൻ എൽ.ഡി.എഫിനായി. സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും തോട്ടം മേഖലയിലടക്കം വോട്ട് നേടുന്നതിന് സഹായകരമായി. ഭൂപതിവ്ചട്ടം ഭേദഗതി ചെയ്യാത്ത സംസ്ഥാന സർക്കാരിനെതിരെ ഇടുക്കിയിലെ ജനം വിധിയെഴുതണമെന്ന പ്രചാരണമാണ് യു.ഡി.എഫ് പ്രധാനമായും ഉയർത്തിക്കൊണ്ടു വന്നത്. ഇതിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹർത്താൽ പോലും പ്രഖ്യാപിച്ചു. മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കി പ്രചാരണ രംഗത്തും ഒപ്പത്തിനൊപ്പമെത്തിയെന്ന പ്രതീതി ജനിപ്പിച്ചു. ഇതിനു പിന്നാലെ രാഹുൽഗാന്ധി കൂടി എത്തിയതോടെ ആവേശത്തിലായിരുന്നു യു.ഡി.എഫ് ക്യാമ്പ്. എന്നാൽ, താഴേത്തട്ടിൽ പ്രവർത്തനം നടക്കുന്നില്ലെന്ന വിമർശനമുയർന്നപ്പോൾ അത് നേതൃത്വം കണ്ടില്ലെന്ന് നടിച്ചത് വിനയായി. ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശവും എം.എം മണിയുടെ പ്രസ്താവനകളും വന്നെങ്കിലും അതൊന്നും രാഷ്ട്രീയമായി ഉപയോഗിക്കാൻ യു.ഡി.എഫിനായില്ല. പുറമേ പ്രചാരണത്തിൽ പിന്നിലെന്ന് തോൽപ്പിച്ചെങ്കിലും താഴേത്തട്ടിൽ സംഘടന സംവിധാനം കൃത്യമായി പ്രവർത്തിച്ചതാണ് എൽ.ഡി.എഫിന്റെ വിജയത്തിനു പിന്നിലെ ഘടകം. തോൽക്കുമെന്ന് ഉറപ്പിച്ച പീരുമേട് പോലും മുന്നണിയെ തുണച്ചത് ആ പ്രവർത്തനമാണ്. പതിവിന് വിപരീതമായി. സി.പി.എമ്മും സി.പി.ഐയും പുതുതായെത്തിയ കേരള കോൺഗ്രസും ഒരേ മനസോടെ പ്രവർത്തിച്ചതും എൽ.ഡി.എഫിന് വിജയം അനുകൂലമാക്കി. തൊടുപുഴയിൽ പി.ജെ ജോസഫിന്റെ വലിയ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞതും വിജയമായിട്ടാണ് എൽ.ഡി.എഫ് വിലയിരുത്തുന്നത്.