തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പു വിജയത്തെ ഭരണനേട്ടത്തിന്റെ മികവായി എൽ.ഡി.എഫിന് അവകാശപ്പെടാമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്. വിജയം അംഗീകരിക്കുന്നുവെന്നും നേതാക്കളെ അനുമോദിക്കുന്നതായും ജോസഫ് പറഞ്ഞു. യു.ഡി.എഫ് കുറവുകൾ മനസിലാക്കി മുന്നോട്ടുപോകാൻ ശ്രമിക്കും. നേതാക്കൾ ചർച്ച ചെയ്ത് തിരിച്ചടിക്കുള്ള കാരണം വിലയിരുത്തും. കേരള കോൺഗ്രസ് തമ്മിലുള്ള ബലാബലത്തിൽ വലിയ നഷ്ടമില്ല. പരസ്പരം മത്സരിച്ച നാലിൽ രണ്ടു സീറ്റിൽ വീതം ഇരുവിഭാഗവും ജയിച്ചു. യു.ഡി.എഫിന് മൊത്തത്തിൽ ചില കുറവുകൾ ഉണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പാഠം പഠിക്കാത്തതിന്റെ പ്രതിഫലനം പല സ്ഥലത്തും ഉണ്ടായെന്നും ജോസഫ് പറഞ്ഞു.