തൊടുപുഴ: കഴിഞ്ഞ തവണത്തെ റെക്കോർഡ് ഭൂരിപക്ഷം പാതിയായി കുറഞ്ഞെങ്കിലും പത്താം തവണയും തൊടുപുഴയുടെ സ്വന്തം ഔസേപ്പച്ചനെ മണ്ഡലം കൈവിട്ടില്ല. സംസ്ഥാനത്തൊട്ടാകെ എൽ.ഡി.എഫ് തരംഗം ആഞ്ഞു വീശിയിട്ടും 20,259 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പി.ജെ മണ്ഡലം സുരക്ഷിതമാക്കിയത്. ജില്ലയിൽ ഭൂരിപക്ഷത്തിൽ രണ്ടാമതും എത്തി.യു.ഡി.എഫ് സ്ഥാനാർഥി പി.ജെ ജോസഫ് 67495 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി പ്രൊഫ. കെ.ഐ. ആന്റണി 47236 വോട്ടു നേടി രണ്ടാമതെത്തി. എൻ.ഡി.എ സ്ഥാനാർത്ഥി പി. ശ്യാംരാജ് 21263 വോട്ടുകൾ നേടി മൂന്നാമതെത്തി.
കഴിഞ്ഞ തവണ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് പി.ജെ. ജോസഫ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 45587 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫിലെ റോയി വാരികാട്ടിനെ അന്ന് പി.ജെ ജോസഫ് പരാജയപ്പെടുത്തിയത്. തൊടുപുഴ നിയോജക മണ്ഡലത്തിൽ 11 തവണ മത്സര രംഗത്ത് വന്നപ്പോൾ ഒന്നൊഴികെ എല്ലാതവണയും വിജയിച്ച ചരിത്രമാണ് പി.ജെ. ജോസഫിന്റേത്. ജോസഫ് ഇടതുപക്ഷത്താകുകയും എതിർ സ്ഥാനാർഥിയായി കോൺഗ്രസിൽ നിന്ന് പി.ടി.തോമസ് വരികയും ചെയ്തപ്പോഴാണ് ഒരു തവണ ജോസഫിന് പരാജയം രുചിക്കേണ്ടി വന്നത്. ഒരു തവണ മത്സര രംഗത്ത് നിന്ന് മാറി നിൽക്കുകയും ചെയ്തു. 1970ലും 1977ലും കേരള കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച പി.ജെ.ജോസഫ് തുടർന്ന് ആറുതവണ കേരള കോൺഗ്രസ് (ജെ) സ്ഥാനാർഥിയായാണ് തൊടുപുഴയിൽ നിന്ന് വിജയിച്ചത്. കഴിഞ്ഞ രണ്ടു ടേമിൽ മാണി വിഭാഗം സ്ഥാനാർഥിയായിരുന്നു. ഇക്കുറി കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് ജയിച്ചു കയറിയത്. എൽ.ഡി.എഫിൽ കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗംകൂടിയായ കെ.ഐ. ആന്റണി പി.ജെ. ജോസഫിന്റെ മുൻ സഹപ്രവർത്തകൻ കൂടിയാണ്. എൻ.ഡി.എയിൽ കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് ഇവിടെ മികച്ച പ്രകടനം കാഴ്ച്ചവച്ച സീറ്റ് ഇത്തവണ ബി.ജെ.പി ഏറ്റെടുത്ത് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാംരാജിനെ കളത്തിലിറക്കിയെങ്കിലും കാര്യമായ നേട്ടം കൊയ്യാൻ കഴിഞ്ഞില്ല.

12 പഞ്ചായത്തുകളിലും വ്യക്തമായ ലീഡ്

പി.ജെ.ജോസഫിന് നഗരസഭയിലും 12 പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് ലഭിച്ചു. ഇത്തവണ 20,259 വോട്ടിന്റെ ലീഡാണ് പി.ജെ.ജോസഫ് നേടിയത്. കഴിഞ്ഞ തവണ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 45587 വോട്ടിന്റെ ലീഡാണ് ജോസഫ് നേടിയത്. ഇത്തവണ ലീഡ് നില പകുതിയിൽ താഴെയായി കുറഞ്ഞെങ്കിലും എതിർ സ്ഥാനാർഥി കെ.ഐ.ആന്റണിയെ അപേക്ഷിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ എല്ലായിടത്തും വ്യക്തമായ മേൽക്കൈ നേടാൻ അദ്ദേഹത്തിനായി. തൊടുപുഴ നഗരസഭയിലാണ് കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്. 6706 വോട്ടാണ് നഗരസഭയിലെ ലീഡ്. കുമാരമംഗലം- 1034, കോടിക്കുളം- 1317, വണ്ണപ്പുറം- 436, കരിമണ്ണൂർ- 2486, ഇടവെട്ടി- 975, മണക്കാട്- 1365, പുറപ്പുഴ- 1505, കരിങ്കുന്നം- 1679, മുട്ടം- 1320, ആലക്കോട്- 727, ഉടുമ്പന്നൂർ- 514, വെള്ളിയാമറ്റം- 506 എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തിലും ലഭിച്ച ഭൂരിപക്ഷം.