തൊടുപുഴ: രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടുക്കി ജില്ലയിൽ നിന്ന് ആരൊക്കെയുണ്ടാകുമെന്നാണ് മലയോരജനത ഉറ്റുനോക്കുന്നത്. ആദ്യ പിണറായി മന്ത്രിസഭയിൽ ഒരു വർഷം കഴിഞ്ഞാണെങ്കിലും എം.എം. മണി മന്ത്രിയായിരുന്നു. ഇത്തവണയും മണിയെ പരിഗണിക്കുമെന്നാണ് കരുതുന്നത്. അതേസമയം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിലെ കരുത്തനായ റോഷി അഗസ്റ്റ്യനും മന്ത്രി സ്ഥാനം ഏകദേശം ഉറപ്പാണ്. പാർട്ടി ചെയർമാൻ പരാജയപ്പെട്ട സ്ഥിതിക്ക് രണ്ടാമനായ റോഷിക്ക് പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനവും മികച്ച വകുപ്പും ലഭിക്കുമെന്നാണ് കരുതുന്നത്. അതോടൊപ്പം സി.പി.ഐ പീരുമേട്ടിൽ നിന്ന് വിജയിച്ച വാഴൂർ സോമനെയും പരിഗണിച്ചേക്കും. എന്തായാലും ഇത്തവണ ഇടുക്കിയ്ക്ക് ഒന്നിൽ കൂടുതൽ മന്ത്രിസ്ഥാനം ലഭിക്കുമെന്ന വിശ്വാസത്തിന് ബലം വർദ്ധിച്ചിട്ടുണ്ട്.