തൊടുപുഴ: 1957ലെ ആദ്യ നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റ എം.എൽ.എ ഇടുക്കിയിൽ നിന്നുള്ള വനിതാ പ്രതിനിധി റോസമ്മ പുന്നൂസായിരുന്നു. എന്നാൽ ഇത്തവണ നിയമസഭയിൽ ഇടുക്കിയിൽ നിന്ന് പെൺശബ്ദം ഉയരില്ല. ജില്ലയിൽ നിന്ന് ഇതുവരെ ആകെ മൂന്ന് വനിതകളാണ് എം.എൽ.എമാരായിട്ടുള്ളത്. റോസമ്മ പുന്നൂസും റോസമ്മ ചാക്കോയും ഇ.എസ്. ബിജിമോളും. ആദ്യ തിരഞ്ഞെടുപ്പിൽ ദേവികുളത്തു നിന്നാണ്‌ സി.പി.ഐയിലെ റോസമ്മ പുന്നൂസ് എം.എൽ.എ ആയത്. ആദ്യ പ്രോടേം സ്പീക്കറും റോസമ്മയായിരുന്നു. 1957 മുതൽ 60 വരെയാണ് ഇവർ എം.എൽഎയായിരുന്നത്. ഇതിന്‌ ശേഷം ദേവികുളത്ത് നിന്ന് വനിതാ എം.എൽ.എമാർ ഉണ്ടായിട്ടില്ല. ജില്ലയിൽ നിന്നുള്ള രണ്ടാമത് എം.എൽ.എയും മറ്റൊരു റോസമ്മയായിരുന്നു. ഇടുക്കി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച റോസമ്മ ചാക്കോ. 1987 മുതൽ 91 വരെയാണ് റോസമ്മചാക്കോ എം.എൽ.എയായിരുന്നത്. പിന്നീട് ഒന്നരപതിറ്റാണ്ടിന് ശേഷം 2006ൽ പീരുമേട് നിന്ന് മത്സരിച്ചു ജയിച്ച ഇ.എസ്.ബിജിമോളായിരുന്നു ഇടുക്കിയിൽ നിന്നുള്ള മൂന്നാമത്തെയും അവസാനത്തെയും വനിതാ എം.എൽ.എ. തുടർച്ചയായി മൂന്ന് വട്ടം പീരുമേട്ടിൽ നിന്ന് ബിജിമോൾ നിയമസഭയിലേക്ക് ജയിച്ചുകയറി. നിയമസഭയിൽ സജീവ സാന്നിദ്ധ്യമായി മാറിയ ബിജിമോൾ പല നിർണ്ണായക ഘട്ടത്തിലും നിയമസഭയ്ക്കകത്തും പുറത്തും മുൻനിരയിൽനിന്ന് എൽ.ഡി. എഫിനായി പോരാടിയിരുന്നു. പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്ന പാർട്ടി തീരുമാനപ്രകാരം സി. പി.ഐയുടെ മന്ത്രിമാരടക്കം ഒട്ടേറെപ്പേരെ ഒഴിവാക്കിയതിന്റെ ഭാഗമായി ബിജിമോൾക്കും സീറ്റ് ലഭിച്ചില്ല. ഇടുക്കി മണ്ഡലത്തിൽ നിന്ന് എൻ.ഡി.എ സംഗീത വിശ്വനാഥന് സീറ്റ് നൽകിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം ഇടുക്കി വീണ്ടും പെൺ എം.എൽ.എമാർ ഇല്ലാത്ത ജില്ലയായി മാറിയത്.