തൊടുപുഴ: മിനി സിവിൽ സ്റ്റേഷന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്തിന്റെ പരിസരം വൃത്തിയാക്കി. തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്തിന്റെ ചുറ്റിലും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികൾ നിലത്ത് ചിതറി വൃത്തി ഹീനമായ അവസ്ഥയിലായിരുന്നു. മഴ വെള്ളത്തിൽ ഒലിച്ചും കാറ്റടിക്കുമ്പോഴും പ്ലാസ്റ്റിക്ക് കുപ്പി പുഴയിലും മറ്റ് ജല സ്രോതസുകളിലും നഗരത്തിലെ ഓടയിലും വ്യാപകമായി അടിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം 'കേരള കൗമുദി' യിലെ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സിവിൽ സ്റ്റേഷനിലെ റവന്യു വകുപ്പ് അധികൃതർ അടിയന്തരമായി വൃത്തിയാക്കിയത്. എന്നാൽ ജില്ലയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ പാതയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പ്ളാസ്റ്റിക്ക് ബോട്ടിൽ ബൂത്തിൽ ഉപയോഗ ശൂന്യമായ പ്ളാസ്റ്റിക്ക് കുപ്പികളും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളും നിറഞ്ഞ് റോഡിലും ചുറ്റ് പ്രദേശങ്ങളിലും ചിതറികിടക്കുന്നുമുണ്ട്. ഇവിടങ്ങളിൽ നിന്നുളള അസഹ്യമായ ദുർഗന്ധം സമീപ വാസികൾക്ക് ഏറെ പ്രശ്നമാകുന്നുമുണ്ട്.
സാങ്കേതികത്തിൽപ്പെട്ട്
കളക്ട് ചെയ്യുന്ന ഉപയോഗ ശൂന്യമായ പ്ളാസ്റ്റിക് കുപ്പികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ , ഗ്രീൻ കേരള കമ്പനി എന്നിവയുടെ നേതൃത്വത്തിൽ നിർമ്മാർജ്ജനം ചെയ്യാൻ ലക്ഷ്യമിട്ടാണ് പാതയോരങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്. എന്നാൽ ബോട്ടിൽ ബൂത്തുകളിൽ നിന്ന് കുപ്പികൾ നീക്കം ചെയ്യൽ സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെടുകയാണ്.