**യു.ഡി.എഫ് വോട്ട് 1.26% കുറഞ്ഞു

തൊടുപുഴ: ഇടതുപക്ഷത്തിന്റെ വോട്ടിംഗ് ശതമാനത്തിലുണ്ടായത് വൻ വർദ്ധന. അതേസമയം എൻ.ഡി.എയുടെ വോട്ട് പകുതിയായി കുറഞ്ഞു. 10.94 ശതമാനം വോട്ടുകളാണ് എൽ.ഡി.എഫിന് കൂടിയത്. ആകെ പോൾ ചെയ്തതിൽ 47.7 ശതമാനം വോട്ടുകളും ഇടതു മുന്നണി സ്വന്തമാക്കി. കഴിഞ്ഞ തവണ ഇത് 36.76 ശതമാനമായിരുന്നു.
എന്നാൽ, യു.ഡി.എഫിന്റെ വോട്ടു വിഹിതം 1.26 ശതമാനം കുറഞ്ഞു. 42.52 ശതമാനം വോട്ടാണ് ഇത്തവണ കിട്ടിയത്. 2016ൽ 43.78 ശതമാനം വോട്ട് അവർക്ക് ലഭിച്ചിരുന്നു.
ഉടുമ്പൻചോലയിൽ മന്ത്രി മണി നേടിയ 60.31 ശതമാനം വോട്ടാണ് ജില്ലയിലെ എൽ.ഡി.എഫിന്റെ വോട്ടുവിഹിതം കുത്തനെ കൂട്ടിയത്. കഴിഞ്ഞ തവണത്തേക്കാൾ 20 ശതമാനത്തോളം വോട്ട് കൂടുതൽ. ഇവിടെ യു.ഡി.എഫിന് 9.87 ശതമാനവും എൻ.ഡി.എയ്ക്ക് 11.7 ശതമാനവും വോട്ട് കുറഞ്ഞു.

ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിന് ഭൂരിപക്ഷം കുറഞ്ഞെങ്കിലും 2016ലേക്കാൾ വോട്ടുവിഹിതം കൂടി. ഇവിടെ കഴിഞ്ഞ വട്ടം പോൾ ചെയ്തതിനേക്കാൾ പതിനായിരത്തോളം കുറവ് വോട്ടുകളാണ് രേഖപ്പെടുത്തിയത്. യു.ഡി.എഫിനും ഇവിടെ വോട്ടുകൂടിയിട്ടുണ്ട്. എന്നാൽ, എൻ.ഡി.എയുടെ വോട്ട് 19.04ൽ നിന്ന് 7.05 ആയി കുറഞ്ഞു. ദേവികുളത്തും പീരുമേട്ടിലും എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ടുവിഹിതം കൂടിയപ്പോൾ എൻ.ഡി.എയക്ക് വളരെയധികം കുറഞ്ഞു. തൊടുപുഴയിൽ പി.ജെ. ജോസഫിന്റെ വോട്ടുവിഹിതം 54.08ൽ നിന്ന് 48.78 ശതമാനമായി കുറഞ്ഞു. എന്നാൽ, എൽ.ഡി.എഫിന്റെ വോട്ട് കൂടി. 31.14 ശതമാനം വോട്ടുകൾ നേടി. കഴിഞ്ഞ തവണ ഇത് 21.9 ശതമാനമായിരുന്നു. എൻ.ഡി.എയുടെ വോട്ട് 21.9ൽ നിന്ന് 15.4 ആയി കുറഞ്ഞു.

എൻ.ഡി.എ വോട്ടിൽ വൻ ചോർച്ച

എൻ.ഡി.എയ്ക്ക് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. 2016ൽ 15.2 ശതമാനമായിരുന്ന എൻ.ഡി.എയുടെ വോട്ടു വിഹിതം. എന്നാൽ, ഇത്തവണ അത് 7.72 ശതമാനമായി കുറഞ്ഞു. പകുതിയോളം കുറവ്. മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുമെന്നു പ്രതീക്ഷിച്ച മണ്ഡലങ്ങളില്ലാം എൻഡിഎയ്ക്കു വോട്ട് കുറഞ്ഞു. ഇടുക്കിയിലെ 5 മണ്ഡലങ്ങളിലുമായി 60,000ലേറെ വോട്ടുകളാണ് എൻ.ഡി.എയിൽ നിന്ന് ചോർന്നത്. രണ്ട് സീറ്റിൽ ബി.ഡി.ജെ.എസും രണ്ട് സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റിൽ എ.ഐ.എ.ഡി.എ.കെയുമാണ് ജില്ലയിൽ മത്സരിച്ചത്.