തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ വോട്ടിന്റെ 60 ശതമാനം നേടിയ സ്ഥാനാർത്ഥികളുടെ പട്ടികയിൽ എം.എം. മണിയും. കണ്ണൂർ ജില്ലയ്ക്ക് പുറത്ത് ഇത്രയും ശതമാനം വോട്ടു നേടിയ ഏക സ്ഥാനാർത്ഥിയാണ് എം. എം. മണി. സംസ്ഥാനത്താകെ അഞ്ചു പേരാണ് ആകെ പോൾ ചെയ്തതിന്റെ 60 ശതമാനത്തിലേറെ വോട്ടുനേടി വിജയിച്ചത്. ഇതിൽ നാലുപേർ കണ്ണൂർ ജില്ലയിലാണ്. ടി.ഐ. മധുസൂദനൻ- പയ്യന്നൂർ (62.49 ), കെ.കെ. ശൈലജ- മട്ടന്നൂർ (61.97), എ.എൻ. ഷംസീർ- തലശ്ശേരി (61.52). എം. വിജിൻ- കല്യാശേരി (60.62) എന്നിവരാണിവർ. എല്ലാവരും സി.പി.എം പ്രതിനിധികൾ. ഇവർക്കൊപ്പമാണ് ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല മണ്ഡലത്തിൽ നിന്ന് ജയിച്ച എം.എം. മണി. ആകെ വോട്ടിന്റെ 60.31ശതമാനമാണ് അദ്ദേഹം നേടിയത്. ആകെ പോൾ ചെയ്ത 1,28,314 വോട്ടിൽ 77381 വോട്ടും എം.എം. മണി നേടി. എതിർ സ്ഥാനാർത്ഥി ഇ. എം.ആഗസ്തിയ്ക്ക് കിട്ടിയത് 39076 വോട്ട് മാത്രം. ബി.ഡി.ജെ.എസിലെ സന്തോഷ് മാധവൻ 7208 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണ ഉടുമ്പൻചോലയിൽ 1109 വോട്ടിന്റെ നിസാര ഭൂരിപക്ഷത്തിലായിരുന്നു മണിയുടെ വിജയം.