ഇടുക്കി:ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസും ഇടുക്കി ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ അണക്കര മൈലാടുംപാറയിൽനിന്നും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. തുണ്ടിപ്പറമ്പിൽ ബെന്നിച്ച(46)ന്റെ പുരയിടത്തിൽ കന്നുകാലി തൊഴുത്തിനോടുചേർന്ന് ഒളിപ്പിച്ച നിലയിലായിരുന്ന മൂന്നു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. സംഭവത്തിൽ സ്ഥലം ഉടമക്കെതിരെ കേസെടുത്തു. ലിറ്ററിന് 1,500 രൂപ വിലക്കാണ് പ്രതി ചാരായം വിൽപന നടത്തിയിരുന്നതെന്നും എക്‌സൈസ് അറിയിച്ചു.
പ്രിവന്റീവ് ഓഫീസർ കെ.എൻ.രാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം.പി. പ്രമോദ്, ഉടുമ്പൻചോല സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ പി.ബി. രാജേന്ദ്രൻ, കെ. ഷനേജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എസ്. അരുൺ, അരുൺ രാജ്, ഇ.സി. ജോജി, എം. നൗഷാദ്, ഷിബു ജോസഫ് പങ്കെടുത്തു.