തൊടുപുഴ: ഇടുക്കിയിലെ കനത്ത പരാജയത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ യു.ഡി.എഫും എൻ.ഡി.എയും. അപ്രതീക്ഷിതമായ തോൽവിയാണ് ജില്ലയിൽ യു.ഡി.എഫിനുണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ലീഡ് നേടിയ യു.ഡി.എഫ് ഒരു സീറ്റിലേക്ക് ഒതുങ്ങേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. 15 വർഷത്തിന് ശേഷമാണ് ഇത്രയും വലിയ പരാജയം മുന്നണിക്കുണ്ടായത്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ ഇടുക്കി പോലും നഷ്ടമായി. ജില്ലയിൽ സ്വന്തമായി ഒരു എം.എൽ.എ എന്നത് 15 വർഷത്തിനിപ്പുറവും കോൺഗ്രസിന് സ്വപ്നം മാത്രമായി. എൻ.ഡി.എയാകട്ടെ മുൻ വർഷത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് വോട്ടിംഗ് ശതമാനം നേരെ പകുതിയായി കുറഞ്ഞത് വലിയ തിരിച്ചടിയായി. ചില മണ്ഡലങ്ങളിൽ വോട്ട് മൂന്നിലൊന്നായി കുറഞ്ഞു. വരും ദിവസങ്ങളിൽ പരാജയം സംബന്ധിച്ച് ഇരു മുന്നണികളും യോഗം ചേർന്ന് വിലയിരുത്തുമെന്നാണ് കരുതുന്നത്. ചില തലകൾ ഉരുളുമെന്നും അറിയുന്നു. തൊലിപ്പുറമേയുള്ള ചികിത്സയല്ല, താഴെത്തട്ടുമുതൽ അടിമുടി മാറ്റമുണ്ടാകണമെന്നാണ് പ്രവർത്തകരുടെ വികാരം. പരാജയത്തെക്കുറിച്ച് വിലയിരുത്തുമെന്നാണ് എൻ.ഡി.എ ജില്ലാ ചെയർമാൻ കെ.എസ്. അജി പറഞ്ഞത്. അതേസമയം സംസ്ഥാനത്ത് കോൺഗ്രസിൽ ബൂത്ത് തലം മുതൽ തലപ്പത്ത് വരെ അഴിച്ചുപണി ആവശ്യമാണെന്നാണ് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതിന് വേണ്ടി തൽസ്ഥാനം രാജിവയ്ക്കാൻ താൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന് വിപരീതമായിട്ടായിരുന്നു യു.ഡി.എഫ് ചെയർമാന്റെയും കൺവീനറുടെയും പ്രസ്താവന. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉടനീളം ഇടതു മുന്നണി സ്ഥാനാർത്ഥികൾ നിർലോഭമായി പണം വാരിയെറിഞ്ഞാണ് വിജയം കൊയ്തതെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും പറയുന്നു. ബി.ജെ.പിയുമായി വ്യാപകമായ വോട്ടുകച്ചവടം നടന്നെന്നാണ് ആരോപണം. ഇതിന് അടിസ്ഥാനമായി പീരുമേട്ടിലെയും ദേവികുളത്തെയും വോട്ട് ചോർന്നതിന്റെ കണക്കും ഇവർ മുന്നോട്ടുവയ്ക്കുന്നു.
കോൺഗ്രസിനെതിരെ പി.ജെ. ജോസഫ്
ഇന്നലെ ജില്ലയിലെ പ്രധാന ഘടകകക്ഷിയായ കേരളകോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് കോൺഗ്രസിനെതിരെ രംഗത്തെത്തിയത് യു.ഡി.എഫിനുള്ളിൽ അസ്വാരസ്യങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നതിന്റെ ആദ്യപടിയായാണ് വിലയിരുത്തുന്നത്. ഗ്രൂപ്പിനതീതമായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയണമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. കുറവുകൾ നികത്തി കോൺഗ്രസ് മുന്നോട്ടു പോകണം. ഘടകകക്ഷികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കോൺഗ്രസ് ആത്മപരിശോധന നടത്തണം. കേന്ദ്ര നേതാക്കൾ എത്തിയിട്ടും കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാനായില്ല. യു.ഡി.എഫിന്റെ സ്പിരിറ്റിന് വിരുദ്ധമായ പ്രസ്താവനകൾ ആരും നടത്താൻ പാടില്ല. ഘടകകക്ഷികൾ ചേരുന്നതാണ് മുന്നണി. തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ കുറവുകൾ പരിഹരിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. യു.ഡി.എഫിൽ കെട്ടുറപ്പില്ല. റിബൽ മത്സരിച്ചതാണ് ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോൽക്കാൻ കാരണമെന്നും ജോസഫ് പറഞ്ഞു. വരുംദിവസങ്ങളിൽ മറ്റ് അടക്കമുള്ള ഘടകക്ഷികളും രംഗത്തെത്തിയേക്കും.