തൊടുപുഴ: കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോഴും, അധികൃതർ നിയന്ത്രണങ്ങൾ കർക്കശമാക്കുമ്പോഴും അതൊന്നും വകവെക്കാതെ അവർ കൂട്ടത്തോടെ നഗരത്തിലേക്ക് പറന്നെത്തും. കൊവിഡ് നിയമങ്ങളും നിയന്ത്രണങ്ങളും വകവെക്കാത്തവർക്ക് പെറ്റിയും കോടതി നടപടികൾക്കായി നോട്ടീസും നൽകാൻ പൊലീസ് തങ്ങൾക്ക് മുന്നിലൂടെ തലങ്ങും വിലങ്ങും പായുമ്പോഴും ഒരു ഭയവും ഇല്ലാതെ അവർ റോഡിലും കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലും തമ്പടിക്കും. തൊടുപുഴ നഗരത്തിൽ പച്ചക്കറി മാർക്കറ്റിൽ പ്രവർത്തിക്കുന്ന സുൽത്താൻ ബസുമതി സ്റ്റോഴ്‌സിലെ സുലൈമാന്റെ വ്യാപാര സ്ഥാപനത്തിലേക്ക് കൂട്ടമായി പറത്തുന്ന പ്രാവിൻ കൂട്ടങ്ങളാണ് ആ വിരുന്ന്കാർ . സുലൈമാൻ റംസാൻ മാസത്തിലെ നോമ്പ് എടുത്ത് പകൽ സമയം മുഴുവൻ വൃതത്തിലാണെന്ന് അറിയാതെ അരിയും ഗോതമ്പും കൊതിയോടെ അകത്താക്കാൻ
പ്രാവിൻ കൂട്ടങ്ങൾ എവിടെ നിന്നൊക്കെയോ പറന്നെത്തും. സ്ഥാപനത്തിൽ സുലൈമാൻ ഇല്ലാത്ത സമയങ്ങളിൽ മറ്റാരെങ്കിലും അരിയും ഗോതമ്പും നൽകിയാൽ തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച്...ചെറുതായിട്ട് ഒന്ന് കുറുകി... ചിറകടിച്ച് ഒന്ന് ഉയർന്ന് പറന്ന്... കുറച്ച് സമയം പിണങ്ങി മാറി ഇരിക്കും; എന്നാൽ പെട്ടന്ന് അതെല്ലാം മാറി അവർ വരും. പുലർച്ചെ 7.30 ന് വ്യാപാര സ്ഥാപനം തുറന്നാൽ രാത്രി ഏറെ വൈകിയും സ്ഥാപനത്തിന്റെ ഷട്ടർ താഴുന്നത് വരെ പ്രാവിൻ കൂട്ടങ്ങൾ സ്ഥാപനത്തിന് ചുറ്റിലും പാറിപറക്കും.
രാത്രി കാലങ്ങളിൽ എവിടെയൊക്കെയോ ചേക്കേറിയിട്ട് പിറ്റേന്ന് പുലർച്ചെ വീണ്ടും എത്തും. മഴയും... വേനലും.. മഞ്ഞും... മാറി മാറി വന്നാലും കഴിഞ്ഞ എട്ട്വർഷമായിട്ട് ഈ പതിവ് സുലമാൻ പ്രാവിൻകൂട്ടങ്ങളും മുടക്കാറില്ല.
രാവിലെ, ഉച്ചക്ക്, വൈകിട്ട് എന്ന വ്യത്യാസം ഇല്ലാതെ പ്രാവിൻ കൂട്ടങ്ങൾ എപ്പോൾ എത്തിയാലും ഇവർക്കായി അരിയും ഗോതമ്പുമായി സുലൈമാൻ ഇവർക്കരികിലേക്ക് എത്തും. 25 എണ്ണമായിരുന്നു ആദ്യമൊക്കെ; എന്നാൽ ഇപ്പോഴത് 200 പിന്നീട്, 350 എണ്ണമായി. തങ്ങളെ പരിഗണിക്കാതെ വന്നാൽ പ്രാവിൻ കൂട്ടങ്ങൾ സ്ഥാപനത്തിന്റെ അകത്തേക്ക് പാഞ്ഞെത്തി അവിടെയും ഇവിടെയുമായി തമ്പടിക്കും; ഓടിച്ച് വിട്ടാൽ വീണ്ടും എത്തും. ചിലസമയങ്ങളിൽ പ്രാവിൻ കൂട്ടങ്ങൾക്കൊപ്പം മറ്റ് കിളികളും കാക്കകളും എത്താറുമുണ്ട്.