ഇടുക്കി: രണ്ടാം പിണറായി ടീമിൽ ജില്ലയിൽ നിന്ന് രണ്ട് മന്ത്രിമാരുണ്ടാകുമോയെന്നാണ് ഇപ്പോൾ ഇടുക്കിയിലെ പ്രധാന ചർച്ചാ വിഷയം. ജില്ലയിൽ നിന്ന് എം.എം. മണിയുടെയും റോഷി അഗസ്റ്റ്യന്റെയും പേരുകൾ ഉയർന്ന് കേട്ടിരുന്നു. ഇവർ രണ്ട് പേരും മന്ത്രിമാരായാൽ അത് ജില്ലയിലെ ചരിത്രമാകും. എന്നാൽ പുതിയ മന്ത്രിസഭയിൽ പുതുമുഖങ്ങൾക്കാണ് പ്രാതിനിധ്യം കൂടുതലുണ്ടാവുകയെന്നും അതിനാൽ മണിയടക്കമുള്ളവരെ മാറ്റി നിറുത്തുമെന്നും വാർത്തകൾ വന്നിരുന്നു. ഇതുകൂടാതെ ഇന്നലെ രാവിലെ മുതൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ മന്ത്രിസഭാംഗങ്ങൾ ഇവരൊക്കെയെന്ന തരത്തിൽ ഒരു സാധ്യതാ പട്ടികയും പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിൽ ഇടുക്കിയിൽ നിന്ന് റോഷി അഗസ്റ്റ്യൻ സിവിൽ സപ്ലൈസ് മന്ത്രിയാകുമെന്നാണ് പറയുന്നത്. ഈ പട്ടികയിൽ മണിയുടെ പേരുണ്ടായിരുന്നില്ല. ഇതോടെ മണിയാശാനെ സ്നേഹിക്കുന്ന പലരും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി. 60 ശതമാനത്തിലേറെ വോട്ട് നേടി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും മണിയാശാനെ തഴയുന്നത് ശരിയല്ലെന്നായിരുന്നു ഇവരുടെ അഭിപ്രായം. എന്നാൽ മന്ത്രിമാരെ സംബന്ധിച്ച് അന്തിമതീരുമാനം ഇതുവരെയെടുത്തിട്ടില്ലെന്നും സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന പട്ടിക തെറ്റാണെന്നും ഇടതുമുന്നണി നേതാക്കൾ വ്യക്തമാക്കുന്നു. ആദ്യ പിണറായി മന്ത്രിസഭ അധികാരമേറ്റ് ഒരു വർഷം കഴിഞ്ഞായിരുന്നു എം.എം. മണി വൈദ്യുതി മന്ത്രിയായി ചുമതലയേറ്റത്. കേരളത്തെ ഒരിക്കൽ പോലും ഇരുട്ടിലാക്കാതെ സമ്പൂർണ വൈദ്യുതീകരണം നടത്തി തനിക്ക് പണിയറിയാമെന്ന് മണി തെളിയിച്ചു. അതിനാൽ ഇത്തവണയും മണിയെ പരിഗണിക്കുമെന്നാണ് ഏവരും കരുതുന്നത്. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിലെ കരുത്തനായ റോഷി അഗസ്റ്റ്യനും മന്ത്രി സ്ഥാനം ഉറപ്പാണ്. പാർട്ടി ചെയർമാൻ പരാജയപ്പെട്ടതാണ് രണ്ടാമനായ റോഷിക്ക് പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനവും മികച്ച വകുപ്പും ലഭിക്കാൻ അവസരമൊരുക്കിയത്. അതേസമയം മന്ത്രിസ്ഥാനം സംബന്ധിച്ച് ചർച്ചകൾ ഒന്നും ഇതുവരെ നടന്നിട്ടില്ലെന്നാണ് റോഷി അഗസ്റ്റിൻ ഇന്നലെ തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടി നിർദേശിച്ചാൽ മന്ത്രിസ്ഥാനം ഏറ്റെടുക്കും. തീരുമാനങ്ങൾ പാർട്ടി ചെയർമാൻ കൈക്കൊള്ളും. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. പാലായിലെ തോൽവി പാർട്ടി വിലയിരുത്തും. യഥാർത്ഥ കേരള കോൺഗ്രസ് ഏതെന്ന് തെരെഞ്ഞെടുപ്പോടെ വ്യക്തമായതായും റോഷി പറഞ്ഞു.