രണ്ട് ദിവസത്തിനിടെ മരിച്ചത് എട്ട് പേർ
മെഡിക്കൽ കോളേജിലെ ബെഡുകൾ നിറഞ്ഞു
ചെറുതോണി: പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ ഇടുക്കി മെഡിക്കൽ കോളേജിലെ കൊവിഡ് പ്രതിരോധം പാളുന്നു. രണ്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന എട്ട് പേരാണ് മരിച്ചത്. ഇവിടത്തെ കൊവിഡ് ചികിത്സാ കേന്ദ്രവും ഐ.സി.യു കിടക്കകളും രോഗികളെകൊണ്ട് നിറഞ്ഞു. കുമളി, നെടുങ്കണ്ടം, മൂന്നാർ, രാജാക്കാട് മേഖലകളിൽ നിന്നുള്ള രോഗികളെ ഇടുക്കി മെഡിക്കൽ കോളേജിലേക്കാണ് എത്തിക്കുന്നത്. ഇതോടെ പുതിയതായി രോഗികൾ ആംബുലൻസിൽ പുറത്ത് കാത്ത് നിൽക്കുന്ന കാഴ്ചയാണുള്ളത്. അടിമാലി, നെടുങ്കണ്ടം, കുമളി മേഖലകളിൽ നിന്ന് നിരവധി രോഗികളാണ് ആബുലൻസിൽ ഇടുക്കിലേക്കെത്തുന്നത്. മെഡിക്കൽ കോളേജാണെങ്കിലും ഇവിടെ ഹൃദ്രോഗ ചികിത്സയില്ല. ഹൃദ്രോഗികളായ വൈറസ് ബാധിതരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിടുകയാണ്. ഇത്തരത്തിൽ പറഞ്ഞുവിട്ട ഒരു രോഗി ഇന്നലെ കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. ഇതുകൂടി കണക്കാക്കിയാൽ മരിച്ചവരുടെ എണ്ണം ഒമ്പതാകും. സ്ഥിതി രൂക്ഷമായതിനെ തുടർന്ന് ഇന്നലെ മെഡിക്കൽ കോളേജിലെത്തിയ ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ആഫീസറും അടിയന്തിര സാഹചര്യം പരിഗണിച്ച് 15 നോൺ കൊവിഡ് ഐ.സി.യു കിടക്കൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി. ഇതോടെ പ്രതിസന്ധിക്ക് അൽപ്പം അയവ് വന്നിട്ടുണ്ട്.
ജോലിഭാരവും ജീവനക്കാരുടെ കുറവും
ജീവനക്കാരുടെ കുറവും ജോലിഭാരവും ഒരു പോലെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനിടെ ഒരു ജീവനക്കാരന് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ നൂറു ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും മുപ്പതിൽ താഴെ ഡോക്ടർമാരാണ് നിലവിലുള്ളത്. മിക്കവരും വർക്കിങ് അറേഞ്ച്‌മെന്റിനേ തുടർന്ന് മറ്റ് ജില്ലകളിലാണ്. ഉള്ളവർ രാപകലില്ലാതെ പണിയെടുക്കുന്നുണ്ട്. വർക്കിംഗ് അറേഞ്ച്‌മെന്റിൽ പോയിട്ടുള്ള ഡോക്ടർമാരെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നാണ് ആവശ്യം.
ഓക്സിജൻ ക്ഷാമം രൂക്ഷം
രണ്ടാം തരംഗത്തിൽ രോഗം ബാധിച്ചവർക്ക് ശ്വാസകോശത്തിൽ അണുബാധയുള്ളതിനാൽ ഓക്‌സിജന്റെ അളവ് കുറയുകയാണ്. ഇത്തരത്തിലുള്ള എല്ലാ രോഗികൾക്കും ഓക്‌സിജൻ നൽകേണ്ട അവസ്ഥയാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ എല്ലാ രോഗികൾക്കും ആവശ്യമായ ഓക്സിജൻ ഇവിടെയില്ലെന്നത് പരിമിതിയാണ്. ഒരു വർഷം മുമ്പ് മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ജനറേറ്റർ പ്ലാന്റ് സ്ഥാപിക്കുമെന്ന ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പൂർണമായി അത് സജീകരിച്ചിട്ടില്ല. പ്ലാന്റ് സ്ഥാപിച്ചിരുന്നെങ്കിൽ ഇപ്പോൾ പ്രതിസന്ധിയുണ്ടാകില്ലായിരുന്നു.
'ഇടുക്കി മെഡിക്കൽ കോളേജിലെ പുതിയ ഓക്‌സിജൻ ജനറേറ്റർ പ്ലാന്റി ന്റെ നിർമാണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഇത് പൂർത്തിയായാൽ മെഡിക്കൽ കോളേജിന് ആവശ്യമുള്ള ഓക്‌സിജൻ പ്ലാന്റിൽ നിന്ന് കിട്ടും."
-എച്ച്. ദിനേശൻ (ഇടുക്കി ജില്ലാ കളക്ടർ)