തൊടുപുഴ: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയെ പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തീരുമാനിച്ചു. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. ഗുരുതരമായി രോഗം ബാധിക്കുന്നവരെ ഇടുക്കി മെഡിക്കൽ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ് നിലവിൽ ചികിത്സിക്കുന്നത്. ഇപ്പോൾ ഇവിടെ രണ്ടിടങ്ങളിലെയും ഐ.സി.യു കിടക്കകൾ നിറഞ്ഞ അവസ്ഥയിലാണ്. സ്വകാര്യ ആശുപത്രികൾ കിടക്കകൾ വിട്ടു നൽകുന്നുണ്ടെങ്കിലും അത് ആവശ്യത്തിനില്ല. തുടർന്നാണ് തൊടുപുഴ ജില്ലാ ആശുപത്രിയെ പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കാൻ തീരുമാനിച്ചത്. എഴുപത്തിയഞ്ചിൽ അധികം ഐ.സി.യു കിടക്കകളും കൂടുതൽ ഓക്‌സിജൻ കിടക്കകളും ഇവിടെ സജ്ജീകരിക്കും. മറ്റ് രോഗികൾക്കായി കാഷ്വാലിറ്റി മാത്രം പ്രവർത്തിക്കും. പ്രസവ കേസുകൾക്കായി പെരുമ്പിള്ളിച്ചിറ അൽ- അസ്ഹർ മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കും. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുകൾ ഇവിടെ എത്തും. ഗർഭിണികൾക്ക് വേണ്ട ചികിത്സ നൽകും. സിസേറിയൻ ഉൾപ്പടെയുള്ളവ ഇവിടെ നടക്കുമെന്നാണ് വിവരം. ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.