തൊടുപുഴ: കൊവിഡ് സ്ഥിരീകരിച്ച ശേഷം വീടുകളിൽ കഴിയാൻ സൗകര്യമില്ലാത്തവർ തദ്ദേശസ്ഥാപനങ്ങൾ ഡൊമൈസിലറി കൊവിഡ് കെയർ സെന്റർ (ഡി.സി.സി) ഒരുക്കണമെന്ന ജില്ലാ കളക്ടറുടെ നിർദേശം ഇനിയും പാലിക്കാതെ പഞ്ചായത്തുകൾ. വീടുകളിൽ താമസ സൗകര്യമില്ലാത്ത കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമാണ് ഇത്തരം സൗകര്യങ്ങളൊരുക്കേണ്ടത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പത്തിലധികം പഞ്ചായത്തുകളിൽ ഡി.സി.സി ആരംഭിച്ചെന്ന് പറയുമ്പോഴും ഇതിന്റെ പ്രവർത്തനം പൂർണമായും ആരംഭിച്ചിട്ടില്ല. സമീപ പഞ്ചായത്തിലുള്ളവർക്ക് കൂടി അവിടെ സൗകര്യമാകുന്നത് വരെ ഇത്തരം സ്ഥലങ്ങളിൽ പ്രവേശനം നൽകണമെന്നാണ് ജില്ലാ കളക്ടറുടെ നിർദേശം. എന്നാൽ ഇത് പാലിക്കാൻ പഞ്ചായത്തിലെ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഇടവെട്ടി പഞ്ചായത്തിൽ നിന്ന് ഒരു രോഗിയുടെ കാര്യം ഇത്തരത്തിൽ തിരക്കിയിപ്പോൾ അവസാനം സ്ഥലം ലഭിച്ചത് അടിമാലിയിലാണ്. സമീപത്ത് തന്നെ സൗകര്യമുള്ള മറ്റ് പഞ്ചായത്തുകൾ ഉള്ളപ്പോഴാണിത്. പൊതുജനത്തിനും ഉദ്യോഗസ്ഥർക്കും പോലും ഡി.സി.സി സംവിധാനത്തെ കുറിച്ച് അറിവില്ലാത്തതും തിരിച്ചടിയാണ്. തങ്ങളുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തനമെന്നും ഇതിനാൽ തന്നെ മറ്റ് പഞ്ചായത്തുകളിൽ നിന്ന് ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്നുമാണ് മുട്ടം പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. അതേ സമയം തനത് ഫണ്ട് എടുത്ത ശേഷം ഇത് മടക്കി നൽകുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്.