kanjar

കാഞ്ഞാർ: കലുങ്ക് പണിയാൻ പാതയോരത്ത് ഓട നിർമ്മിച്ചതും റോഡിലെ ചെളിനിറഞ്ഞ വെളളക്കെട്ടും ജനത്തിനെ കഷ്ടപ്പെടുത്തുന്നു. കാഞ്ഞാർ കൂവപ്പള്ളി കവലയ്ക്കു സമീപം സംസ്ഥാന പാതയിൽ നാട്ടുകാരുടെ നീണ്ട നാളത്തെ ആവശ്യത്തിന് ശേഷമാണ് കലുങ്ക് നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചത്. എന്നാൽ ഓട നിർമ്മാണം പൂർത്തീകരിച്ചെങ്കിലും സ്ലാബ് ഇടാത്തത് വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്. റോഡ് ഉള്ളിലേക്ക് കുഴിച്ച് കോൺക്രീറ്റ് ചെയ്തായിരുന്നു വെള്ളം ഒഴുകുവാനുള്ള സൗകര്യമുണ്ടാക്കിയത്. കലുങ്കിന് ചേർന്ന് 10 അടിയോളം താഴ്ചയുള്ള ഓടയാണ് നിർമ്മിച്ചിട്ടുള്ളത്. റോഡിലൂടെ വാഹനങ്ങൾ കടന്ന് വരുമ്പോൾ അശ്രദ്ധമായി കാൽനട യാത്രക്കാർ അരികിലേക്ക് മാറിയാൽ ഓടയിൽ വീണ് അപകപ്പെടാനുളള സാദ്ധ്യതയുമുണ്ട്. ചെറുതും വലുതുമായ അനേകം വാഹനങ്ങൾ കടന്ന് പോകുന്ന പാതയായതിനാൽ വലിയ അപകട ഭീഷണിയാണ് നിലനിൽക്കുന്നത്.റോഡിൽ ചെളി നിറഞ്ഞ ഗർത്തങ്ങളും വെളളക്കെട്ടുമുളളതിനാൽ ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങൾ ഏറെ സമയം ഗതാഗതക്കുരുക്കിലകപ്പെടുന്നതും പതിവാണ്.

പ്രദേശത്തെ പ്രശ്‌ന പരിഹാരത്തിന്അധികൃതർ അടിയന്തരമായി ഇടപെടണംഎന്നാണ് ജനത്തിന്റെ ആവശ്യം.