തൊടുപുഴ: യാത്രക്കാർക്കും ബസ് - ഓട്ടോ -ടാക്സി തൊഴിലാളികൾക്കും ,കച്ചവട സ്ഥാപന നടത്തിപ്പുകാർക്കും ഭീഷണിയായി തെരുവ് നായ്ക്കൾ തൊടുപുഴ നഗരസഭാ ബസ്റ്റാന്റ് കയ്യടക്കുന്നു. രാവും പകലും വ്യത്യാസമില്ലാതെ ബസ്റ്റാന്റിലാകമാനം തെരുവ് നായ്ക്കളുടെ ശല്യം അതി രൂക്ഷമാവുകയാണ്. സ്റ്റാന്റിലും പരിസരങ്ങളിലും കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലും ഇവറ്റകൾ കൂട്ടമായി തമ്പടിക്കും. ചിലയവസരങ്ങളിൽ ജനങ്ങൾക്ക് നേരെ ഉച്ചത്തിൽ കുരച്ച് പാഞ്ഞടുക്കും. ഭയത്തോടെ ജനം വഴിമാറുമ്പോൾ പിന്നാലെ പായുന്നതും പതിവാണ്. ജനം സ്റ്റാന്റിലൂടെ പാഞ്ഞ് ഓടുമ്പോൾ വാഹനങ്ങൾക്ക് മുന്നിൽ അകപ്പെടുന്നുമുണ്ട്. കഴിഞ്ഞ ദിവസം സ്റ്റാന്റിൽ എത്തിയ കുടുംബം മഴ നനയാതിരിക്കാൻ അടുത്ത ഹോട്ടലിന്റെ തിണ്ണയിൽ കയറി നിന്നപ്പോൾ തെരുവ് നായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടുത്തു. കുട്ടികൾ ഭയന്ന് ഉച്ചത്തിൽ കരഞ്ഞപ്പോൾ സ്റ്റാൻിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് തെരുവ് നായ്ക്കളെ ഓടിച്ച് കുട്ടികളടക്കമുളളവരെ രക്ഷിച്ചത്.