തൊടുപുഴ: മാർക്കറ്റ് റോഡിൽ കിഴക്കേയറ്റം ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങൾ റോഡിലൂടെ കടന്ന് പോകുന്നത് തോന്നുംപടി. ജംഗ്ഷനിൽ റോഡിന്റെ നടുക്ക് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നതിന്റെ ഏത് വശത്തുകൂടെയാവണം വാഹനങ്ങൾ കടന്ന് പോകേണ്ടത് എന്നതിന് വ്യക്തതയില്ല. ചില വാഹനങ്ങൾ സ്ട്രീറ്റ് ലൈറ്റ് ചുറ്റി അപ്പുറം കടക്കുമ്പോൾ മറ്റ് ചില വാഹനങ്ങൾ സ്ട്രീറ്റ് ലൈറ്റ് ചുറ്റാതെ നേരെ കടന്ന് പോകും. ഇതേ തുടർന്ന് കിഴക്കേയറ്റം ജംഗ്ഷനിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. വർഷങ്ങളായി തുടരുന്ന ഈ അവസ്ഥക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നുമില്ല . കിഴക്കേയറ്റം ജംഗ്ഷനിൽ നിന്ന് തൊടുപുഴ നഗരം,മങ്ങാട്ട് കവല,കാഞ്ഞിരമറ്റം ജംഗ്ഷൻ എന്നിങ്ങനെ ഭാഗങ്ങളിലേക്ക് പോകാൻ കഴിയുന്നതിനാൽ ഇത് വഴി നിത്യവും അനേകം വാഹനങ്ങളാണ് കടന്ന് വരുന്നത്.