മൂന്നാർ: കൊവിഡ് കാലത്ത് ഇരവികുളത്തെ വരയാടുകൾക്കിത് നല്ല കാലം. ഇരവികുളം ദേശീയോദ്യാനത്തിൽ നടത്തിയ സർവേയിൽ പുതുതായി 145 വരയാടിൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. ഏപ്രിൽ 20 മുതൽ 23 വരെ നാല് ദിവസങ്ങളിലായി നടന്ന സർവേയിൽ ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യ ജീവി സങ്കേതം, ഷോല നാഷണൽ പാർക്ക് എന്നിവിങ്ങളിൽ നിന്നാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്. ലോക്ഡൗണായിരുന്ന കഴിഞ്ഞ വർഷം റെക്കാഡ് നമ്പരയായ 155 എണ്ണത്തെ കണ്ടെത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ മാത്രമാണ് സർവേയിൽ പങ്കാളികളായത്. വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ മാത്രമാണ് ഇത്തവണ പരിശോധന നടത്തിയത്. സർവേയിൽ ഇരവികുളം ദേശീയോദ്യാനത്തിൽ മാത്രം ആകെ 782 വരയാടുകളെ കണ്ടെത്താനായതായി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ. നേര്യംപറമ്പിൽ പറഞ്ഞു. ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് 93 വരയാടുകളെയും ഷോല നാഷണൽ പാർക്കിൽ നിന്ന് 19 വരയാടുകളെയും കണ്ടെത്തി. കഴിഞ്ഞ വർഷത്തെ സർവേയിൽ ഇത് 723 ആയിരുന്നു. അതേസമയം വരയാടുകളുടെ കണക്കെടുപ്പ് ഏപ്രിൽ ആദ്യവാരത്തിൽ തന്നെ നടത്തുന്നത് മികച്ച രീതിയിലുള്ള ഫലം ലഭിക്കാൻ സഹായകമാകുമെന്നും അധികൃതർ പറയുന്നു. നിലവിൽ ഏപ്രിൽ അവസാനമാണ് സർവേ. ഈ സമയങ്ങളിലെ കനത്ത മഴയും മൂടൽ മഞ്ഞും കാഴ്ചയെ മറയ്ക്കുന്നുണ്ടെന്നും ഏപ്രിൽ ആദ്യവാരം കണക്കെടുപ്പ് നടത്തിയാൽ തെളിഞ്ഞ ആകാശമായതിനാൽ കൃത്യമായ വിവരം ലഭിക്കുമെന്നും സെൻസസ് റിപ്പോർട്ടിൽ പറയുന്നു. വരയാടുകളിൽ 60ശതമാനം കാണുന്നത് നിയന്ത്രിതമായി പുല്ല് കത്തിക്കുന്ന സ്ഥലങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
'' ശരാശരി 78- 80 വരയാടിൻ കുഞ്ഞുങ്ങളാണ് ഒരു വർഷം ഉണ്ടാകുന്നത്. സർവേ നടത്തിയത് നമ്മുടെ തന്നെ വാച്ചർമാരായതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൃത്യമായി കുഞ്ഞുങ്ങളുടെ എണ്ണമെടുക്കാനായി. മഴ മാറി നിന്നതിനാൽ കാലാവസ്ഥയും സർവേയ്ക്ക് അനുകൂലമായിരുന്നു. ഇതും എണ്ണംകൂടാൻ കാണമായിട്ടുണ്ട് ''
-ആർ. ലക്ഷ്മി (മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ)
പ്രസവം പാറക്കെട്ടുകൾക്കിടയിൽ
കീഴ്ക്കാം തൂക്കായ പാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ പ്രസവിക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞാലേ കുഞ്ഞുങ്ങളുമായി ഇവ പുറത്തു വരൂ. സാധാരണ ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂർവമായി ഇരട്ടകളും ഉണ്ടാകും. ജനുവരി മുതൽ മാർച്ച് വരെയാണ് പ്രജനനകാലം. ഈ സമയങ്ങളിൽ സന്ദർശകരെ അനുവദിക്കാറില്ല.
കാണുന്ന പ്രധാന ഇടങ്ങൾ
ആനമുടി, രാജമല, പെരുമാൾമല, പൂവാർ, ചിന്നപൂവാർ, വരയാറ്റ് മുടി, ക്യാമ്പ്മല