ഇടുക്കി: ജില്ലയിൽ ഇടവിട്ടെത്തുന്ന മഴ കടുത്ത വേനൽ ചൂടിന് ആശ്വാസമായി മാറുന്നു. മാർച്ച് ഒന്ന് മുതൽ മേയ് വരെ ജില്ലയിൽ 24.79 സെന്റി മീറ്റർ മഴയാണ് ലഭിച്ചത്. 17 ശതമാനമാണിത്. 21.13 സെന്റി മീറ്റർ മഴയാണ് ലഭിക്കേണ്ടിടത്താണ് ഇത്. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്ക് പ്രകാരം 31 ശതമാനം മഴ കൂടുതലാണ് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ വരെ ലഭിക്കേണ്ടത് 16.11 സെന്റി മീറ്റർ മഴയാണ്. കിട്ടിയതാകട്ടെ 21.12 സെന്റി മീറ്ററും. ലക്ഷദ്വീപിൽ 74 ശതമാനവും മഴകൂടി. ഏറ്റവും അധികം മഴ കൂടിയത് പത്തനംതിട്ടയിലാണ് 88 ശതമാനം. മഴ സാധാരണയിലും കുറഞ്ഞത് കോഴിക്കോട് ജില്ലയിലാണ് 15 ശതമാനം. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളാണ് വേനൽക്കാലമായി കണക്കാക്കുന്നത്. കഴിഞ്ഞ വർഷം വേനൽക്കാലത്ത് ഏഴ് ശതമാനം മഴയാണ് കൂടിയത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 2.24 സെ.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിലാകെ ലഭിച്ചത് 11.41 സെ.മീ. ആണ്. 409% മഴയാണ് ഈ സമയത്ത് മാത്രം കൂടിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി തുലാമഴയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഇത്തവണ മഴ കൂടിയത് വേനൽചൂടിന് വലിയ ആശ്വാസമാണ് പകരുന്നത്. അതേ സമയം വിവിധയിടങ്ങളിൽ കനത്തകാറ്റിലും മഴയിലും വ്യാപകനാശം റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണ്. ഇടിമിന്നലേറ്റുള്ള മരണവും ഈ വർഷം കൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒന്നരമാസത്തിലധികമായി ഉച്ചവരെ കനത്ത ചൂടും പിന്നാലെ ശക്തമായ മഴയും ഇടിയുമാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷം മൂടി കെട്ടി നിൽക്കുന്നതിനാൽ പകൽ ചൂടിനും കുറവുണ്ട്. മൺസൂണിന് മുന്നോടിയായുള്ള മഴ,​ വരുംദിവസങ്ങളിലും രാജ്യത്തെമ്പാടും തുടരുമെന്നാണ് വിവിധ കാലവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. മൺസൂൺ കാറ്റിനെ വരവേൽക്കാനുള്ള പ്രകൃതിയുടെ തയ്യാറെടുപ്പിന്റെ ഭാഗമാണിത്. ഈ മാസം അവസാനത്തോടെ അറബിക്കടലിലടക്കം ന്യൂനമർദത്തിനും പിന്നാലെ ശക്തമായ മഴക്കും ഇത് വഴിയൊരുക്കാം.