ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ ക്രമാതീതമായി കൊവിഡ് രോഗികളെത്തുന്നതിനാൽ രോഗികളെ പ്രവേശിപ്പിക്കാൻ പറ്റാത്ത അവസ്ഥ. ഇനിയും രോഗികളെത്തിയാൽ അഡ്മിറ്റ് ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. ഹൈറേഞ്ച് മേഖലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള കൊവിഡ് രോഗികളെല്ലാം ഇടുക്കി മെഡിക്കൽ കോളേജിലേക്കാണ് എത്തുന്നത്. കൊവിഡ് രോഗികൾക്ക് ഒരു മുറിവുണ്ടായാൽ പോലും മറ്റാശുപത്രികളിൽ ചികിത്സ നൽകാതെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണ്. നെടുങ്കണ്ടം മേഖലകളിൽ നിന്നാണ് ഇപ്പോൾ കൂടുതൽ കൊവിഡ് രോഗികളെത്തുന്നത്. ഇതിനു പരിഹാരം കാണുന്നതിന് അടിമാലി, നെടുങ്കണ്ടം, പീരുമേട് താലൂക്കാശുപത്രികളിൽ കൊവിഡ് രോഗികൾക്കായി ഒരോ വാർഡെങ്കിലും അടയന്തരമായി ആരംഭിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. സ്വകാര്യാശുപത്രികളിൽ 50 ശതമാനം ബെഡുകളും മാറ്റിവെയ്ക്കണമെന്നും ഇവർ പറയുന്നു. മെഡിക്കൽ കോളേജിൽ ഓക്‌സിജനും ക്ഷാമം നേരിടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇടുക്കിയിൽ ഒരു ദിവസം 150 സിലിണ്ടർ ആവശ്യമാണ്. എല്ലാ ദിവസവും ലോഡ് എത്തിയില്ലെങ്കിൽ ഓക്‌സിജനില്ലാതാകും. കഴിഞ്ഞ ദിവസം വഴിയിൽ മരം വീണതിനെ തുടർന്ന് സിലിണ്ടറുമായി വന്ന വാഹനം വഴിയിൽ കുടുങ്ങിയിരുന്നു. പിന്നീട് ഫയർഫോഴ്‌സെത്തി മരം മുറിച്ചുമാറ്റിയാണ് വാഹനമെത്തിച്ചത്. അതിനാൽ പ്രത്യേക സാഹചര്യത്തിൽ ഇടുക്കിയിൽ കൂടുതൽ ഓക്‌സിജൻ സിലിണ്ടറുകൾ കരുതിയില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഓരോ ദിവസത്തേക്കുമുള്ള സിലിണ്ടറുകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിനുപകരം രണ്ടു ദിവസത്തേക്കുള്ള സിലിണ്ടറുകളെങ്കിലും കരുതണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. മെഡിക്കൽ കോളേജിൽ ഇതുവരെ ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിക്കാനായിട്ടില്ലെന്നതും പ്രതിസന്ധി കൂട്ടുന്നു. അതേസമയം ഇടുക്കി മെഡിക്കൽ കോളേജിൽ ഒരു സ്ത്രീ കൂടി ഇന്നലെ മരിച്ചു. കട്ടപ്പന സ്വദേശിനി മറിയയാണ് (88) മരിച്ചത്.