തൊടുപുഴ: ചുങ്കത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കളും അയൽക്കാരുമായ 14 പേർക്ക് കൊവിഡ് ബാധിച്ചു. ഇതിൽ വിവാഹത്തിൽ പങ്കെടുത്ത ചുങ്കം സ്വദേശിയും ഇയാളുടെ സഹോദരനായ മ്രാല സ്വദേശിയും അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചു. മരണപ്പെട്ട ചുങ്കം സ്വദേശിയുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചുങ്കത്തെ പ്രമുഖ കുടുംബത്തിലെ അമേരിക്കയിലുള്ള ബന്ധുവിന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസം
19ന് ചുങ്കത്തെ ദേവാലയത്തിലാണ് നടന്നത്. തുടർന്ന് അടുത്ത ദിവസം ഏറ്റുമാനൂരിൽ വിവാഹവും നടന്നു. ഈ ചടങ്ങുകളിൽ പങ്കെടുത്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ചുങ്കം സ്വദേശി മേയ് രണ്ടിനും സഹോദരനായ മ്രാല സ്വദേശി മേയ് മൂന്നിനുമാണ് മരിച്ചത്. കൊവിഡ് വ്യാപനമാരംഭിക്കുന്നതിന്റെ തൊട്ട് മുമ്പ് നടന്ന ചടങ്ങിനെ പറ്റി നഗരസഭ അധികൃതർക്ക് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് സൂചന. നഗരസഭയിലെ 29-ാം വാർഡായ ഇവിടെ ഇതുവരെ നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല.

ഇതോടെ പ്രദേശത്ത് കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. രണ്ടാഴ്ച മുമ്പ് പെരുമ്പിള്ളിച്ചിറയിലും ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത പത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.