ഇടുക്കി: ജില്ലയിൽ കോവിഡ് രോഗം വർധിച്ചുവരുന്നതിനാൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരാൻ ജില്ലാ ഭരണകൂടം. അടിയന്തിര സാഹചര്യം നേരിടുന്നതിനു എല്ലാ നടപടികളും സ്വീകരിച്ചതായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. നിലവിൽ ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് ജനങ്ങൾ വളരെ കാര്യമായി സഹകരിക്കുന്നുണ്ട്. കാർഷിക, നിർമാണ മേഖലകളിൽ തൊഴിൽപരമായ പ്രവർത്തനങ്ങൾ കൊവിഡ് ചട്ടങ്ങൾ പാലിച്ചു നടത്താം. ഇപ്പോൾ ഏലതോട്ടങ്ങളിൽ കാലവർഷത്തിനു മുന്നോടിയായി വളം, കീടനാശിനി പ്രയോഗങ്ങൾ നടത്തിവരുന്നുണ്ട്. അതിനാൽ കർഷകരുടെ ആവശ്യം കണക്കിലെടുത്ത് വളം കീടനാശിനി കടകൾ ഒരു നിശ്ചിത സമയം തുറന്നു പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് അന്തിമതീരുമാനം ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തിൽ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതുപോലെ നിർമാണമേഖലയ്ക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന കടകളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും.

ഇടുക്കി ഒരുപാട് പരിമിതികളുള്ള ജില്ലയാണ്. അതിനാൽ രോഗികളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ഓരോരുത്തരുടെയും കടമയായി കരുതണം.

എച്ച്. ദിനേശൻ

ജില്ലാ കളക്ടർ

 എല്ലാവരും ഇരട്ടമാസ്‌കുകളോ എൻ 95 മാസ്‌കുകളോ ധരിക്കണം

 അവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല

 നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി