തൊടുപുഴ: കൊവിഡിനെ പൂട്ടാൻ വീണ്ടുമൊരു അടച്ചുപൂട്ടൽ കൂടിയെത്തുമ്പോൾ ദുരിതത്തിലാകുക അന്നന്ന് ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഒരുപിടി മനുഷ്യരുടെ ജീവിതം. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വസ്ത്രശാലകൾ, സ്വർണക്കടകൾ എന്നിവിടങ്ങളിലെ തൊഴിലാളികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, സ്വകാര്യ ബസ്, ലോറി, മിനി ബസ്, ടൂറിസ്റ്റ് ബസ് ജീവനക്കാർ തുടങ്ങി വീട്ടുജോലി ചെയ്യുന്നവർ വരെയുള്ള പതിനായിരക്കണക്കിന് പേരുടെ ജീവിതമാണ് വഴിമുട്ടുന്നത്. ഇവർക്കാർക്കും തൊഴിലോ വരുമാനമോ ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാകില്ല. മിനി ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത് മുതൽ തന്നെ ഇവരിൽ പലർക്കും തൊഴിലില്ലാത്ത സ്ഥിതിയാണ്. കൊച്ചുചായക്കടകളിൽ 500 രൂപ ദിവസക്കൂലിക്ക് ചായയടിക്കുന്നവർ മുതൽ വലിയ വസ്ത്രവ്യാപാര കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ വരെ ഒരേ പോലെ ദുരിതത്തിലാണ്. കഴി‌ഞ്ഞ വർഷത്തെ ലോക്ക്ഡൗണിന്റെ ദുരിതത്തിൽ നിന്നും കടബാധ്യതകളിൽ നിന്നും ഇനിയും ഈ പാവങ്ങൾ മോചിതരായിട്ടില്ല. മാസ ശമ്പളം വാങ്ങിയിരുന്ന പല സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് കഴിഞ്ഞ ലോക്ക്ഡൗണിൽ ശമ്പളം കിട്ടിയിരുന്നില്ല. ഇത്തരം തൊഴിലാളികളെ സംരക്ഷിക്കേണ്ട ചുമതല സ്ഥാപനയുടമയ്ക്കാണെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായ വരുമാന നഷ്ടമുണ്ടായതോടെ വേതനം കൊടുക്കാനുള്ള ശേഷി പല സ്ഥാപനങ്ങൾക്കുമില്ല. വിവിധ ക്ഷേമനിധികളിൽ അംഗത്വം ഉള്ളവർക്ക് സർക്കാർ സഹായധനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അസംഘടിത മേഖലയിലെ തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ഒരു ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കുന്നവരല്ല. സംഘടിതരല്ലാത്തതിനാൽ തങ്ങളുടെ ശബ്ദം അധികാര കേന്ദ്രങ്ങളിലെത്തിക്കാനും ഇവർക്ക് കഴിയുന്നില്ല.

മരുന്നുകൾ വാങ്ങണ്ടേ

വരുമാനം നിലച്ച് ദുരിതത്തിലായ സാധാരണ കുടുംബങ്ങളിലെല്ലാം മുടങ്ങാതെ മരുന്ന് കഴിക്കേണ്ട രോഗികളുണ്ട്. നേത്രരോഗികൾ, പ്രമേഹം ബാധിച്ചവർ, രക്താദിമർദമുള്ളവർ എന്നിങ്ങനെ രോഗികൾ ഇല്ലാത്ത വീടുകൾ കുറവാണ്. ഒരു ഇൻസുലിൻ കാഡ്രിഡ്ജിന് 290 രൂപ കൊടുക്കണം. ആറ് ദിവസം ഉപയോഗിക്കാനേ ഇത് തികയൂ. 400 രൂപ വരെ വിലയുള്ള മരുന്ന് കണ്ണിലൊഴിക്കേണ്ട നേത്രരോഗികളുണ്ട്. രണ്ടാഴ്ച കണ്ണിലൊഴിക്കാൻ പോലും ഒരു ചെറിയ കുപ്പി മരുന്ന് തികയില്ല.