മൂലമറ്റം: ടെലഫോൺ കേബിളിന്റെ ആവശ്യത്തിന് കുഴിയെടുത്ത് റോഡ് നശിപ്പിക്കുന്നതായി ആക്ഷേപം. അറക്കുളം അശോക കവല മുതൽ ഇടുക്കി റോഡിലാണ് കുഴിയെടുക്കുന്നത്. സ്വകാര്യ ടെലഫോൺ കമ്പനിയുടെ ആവശ്യത്തിനാണ് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുന്നത്‌. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ കേബിൾ ഇടുന്ന ആവശ്യത്തിലേക്ക് ഓടയോട് ചേർന്നാണ്‌ കുഴിയെടുക്കുന്നത്. റോഡിൽ ഓട സൈഡിൽ കല്ല് വിരിച്ച് വെള്ളമൊഴുകാൻ സൗകര്യം ഒരുക്കിയിരുന്നു. അത് കുത്തി പൊളിച്ചതാണ് കൂടുതൽ പ്രശ്നമായത്. കുഴിയെടുത്ത് കേബിൾ ഹോസ് ഇട്ട ശേഷം കുഴി മൂടുന്നുണ്ടങ്കിലും പൂർവ്വ സ്ഥിതിയിലാവുന്നില്ല. ജെ.സി.ബി.ക്ക് കുഴിയെടുത്തപ്പോൾ ടാറിഗും പൊളിഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് വെള്ളം റോഡിലുടെയും പരിസര പ്രദേശങ്ങളിലെ പുരയിടങ്ങലിലേക്കും ഒഴുകി എത്തുകയാണ്. കുഴികൾ ശരിയ്ക്കും മണ്ണിട്ട് മൂടാത്തതു കൊണ്ട് ഓട സൈഡിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങളുടെ ടയർ കുഴിയിൽ വീഴുകയും അപകടത്തിലാവുകയും ചെയ്യുന്നതും പതിവ് സംഭവങ്ങളാവുകയാണ്. ജില്ലാ ആസ്ഥാനത്തേക്ക് പോകുന്ന പ്രധാനപ്പെട്ട സംസ്ഥാന പാതകൂടിയാണ് ഈ റോഡ്. അധികാരിൾ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.