ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ ധ്യാനം നടത്തിയതിന് സി.എസ്.ഐ സഭയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സംഘാടകരും പങ്കെടുത്ത 480 വൈദികരും മൂന്നാർ സി.എസ്.ഐ പള്ളി അധികൃതരും പ്രതികളാകും. ദേവികുളം തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐ.പി.സി 269, പകർച്ചവ്യാധി നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ്. അനുമതിയില്ലാതെയാണ് ധ്യാനം സംഘടിപ്പിച്ചതെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതായി ദേവികുളം സബ്‌കളക്ടർ പറഞ്ഞു. പ്രതിപട്ടിക തയ്യാറാക്കി വരികയാണെന്ന് മൂന്നാർ ഡിവൈ.എസ്.പി ആർ. സുരേഷ് പറഞ്ഞു. ഏപ്രിൽ 13 മുതൽ 17 വരെയാണ് സി.എസ്.ഐ കേരളാ മഹായിടവകയിലെ സഭാ ശുശ്രൂഷകരുടെ വാർഷിക ധ്യാനയോഗം നടന്നത്. ധ്യാനത്തിൽ പങ്കെടുത്ത നൂറിലധികം വൈദികർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രണ്ട് വൈദികർ മരിക്കുകയും ചെയ്തെന്ന് സഭാ വിശ്വാസികൾ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.