തൊടുപുഴ: മുതലക്കോടം പോസ്റ്റ് ആഫീസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പോസ്റ്റ് ആഫീസ് അധികൃതർ അറിയിച്ചു. മുതലക്കോടത്ത് പള്ളി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ആഫീസിന് നിയമാനുസൃതം വാടക പുതുക്കി നിശ്ചയിക്കുകയും ടെൻഡർ വിളിച്ച് ഏറ്റവും കുറഞ്ഞ വാടകയ്ക്ക് മുറികൾ നൽകാൻ കെട്ടിട ഉടമകൾ സമ്മതം നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി സ്‌ക്വയർ മീറ്ററിന് രണ്ട് രൂപയിൽ താഴെയാണ് വാടക ഈടാക്കി പള്ളി കെട്ടിടം നൽകിയിട്ടുള്ളത്. ഇവിടത്തെ പോസ്റ്റ് ആഫീസ്, ബിസിനസ് സ്ഥാപനങ്ങൾ ബാങ്കുകൾ മുതലായവ ഇവിടെ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ നിക്ഷിപ്ത താത്പര്യം വച്ചാണെന്ന് പള്ളി ട്രസ്റ്റിമാർ അറിയിച്ചു. മുതലക്കോടത്തിന്റെ വികസനം തടയാൻ ലക്ഷ്യമിട്ട് ചിലർ നുണ പ്രചാരണം നടത്തുകയാണ്. കെട്ടിടം നിർമിച്ച് പ്രദേശത്തെ വികസനത്തിന് മുൻകൈയെടുത്ത് ആരംഭിച്ച പോസ്റ്റ് ആഫീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇവിടെ നില നിറുത്തുന്നതിന് ഇടവകയും നാട്ടുകാരും പൂർണ പിന്തുണ വാഗദാനം ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ചിലർ നടത്തുന്ന ദുഷ്പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും പള്ളി അധികൃതർ അറിയിച്ചു.