തൊടുപുഴ: കൊവിഡിന്റെ പേരിൽ വ്യാപാരികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ. നോട്ട് നിരോധനം, ജി എസ് ടി, പ്രളയം തുടങ്ങിയവയിൽ നിന്നും കരകയറി വരുമ്പോഴാണ് വ്യാപാരികൾക്ക് കനത്ത പ്രഹരമായി കൊറോണ വന്നത്. അനുനിമിഷം കടത്തിൽ മുങ്ങി കൊണ്ടിരിക്കുന്ന വ്യാപാരികൾക്ക് ഇത്തവണത്തെ പെരുന്നാൾകാലം ഒരു പ്രതീക്ഷയായിരുന്നു. അതുകൊണ്ട് തന്നെ വ്യാപാരികൾ അവർക്ക് ആകുന്ന വിധം പുതിയ സ്റ്റോക്കുകൾ എടുത്തു പ്രതീക്ഷയോടെ കാത്തിരുന്നു.എന്നാൽ സർക്കാർ വ്യാപാരികളെ വഞ്ചിക്കുന്ന സമീപനം സ്വീകരിക്കുന്നു.അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കച്ചവടസ്ഥാപങ്ങൾ ഒഴികെ ഒരു വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ല.എല്ലാ മേഖലകളിലും ഇളവുകൾ അനുവദിക്കുമ്പോളും വ്യാപാരികളെ കണ്ടില്ലായെന്ന് നടിക്കുന്നു.

ഇടുക്കി പോലെയുള്ള ചെറു ജില്ലയിലെ വ്യാപാരികൾ ഭൂരിഭാഗവും ചെറുകിട കച്ചവടക്കാരാണ്.നിത്യച്ചെലവ് നടത്താൻ പോലും പല വ്യാപാരികളും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്.അതിനാൽ തന്നെ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടം ചെയ്യാൻ അനുവദിക്കുകയും വലിയ വ്യാപാരസ്ഥാപനങ്ങളിൽ തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്തി പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യുക.കൂടാതെ ആരോഗ്യപ്രവർത്തകർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങളുമായി അടുത്തിടപഴുകുന്നത് വ്യാപാരികളാണ്.വ്യാപാരികൾക്ക് മാത്രമായി വാക്‌സിൻ ക്യാമ്പുകൾ നടത്തണം.

കളക്ടറുടെ ഉത്തരവ് പ്രകാരം വ്യാപാരികളും തൊഴിലാളികളും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കടയിൽ സൂക്ഷിക്കണം എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും മാത്രമായി സൗജന്യ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാവണം.

യോഗത്തിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്. രാജു തരണിയിൽ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ .പി. ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ.സാലി എസ്. മുഹമ്മദ്, അജീവ്.പി. , ടോമി സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ ഷെരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ എന്നിവർ സംസാരിച്ചു.

... വ്യാപാരികളുടെ ദുരവസ്ഥ മനസിലാക്കി ബാങ്ക് വായ്പ്പകൾക്ക് പലിശ ഇളവ് ചെയ്യുക, വായ്പ്പകൾ തിരിച്ചടയ്ക്കാൻ സമയം അനുവദിക്കുക,വൈദ്യുത ചാർജിൽ ഇളവ് അനുവദിക്കുക,വാടകയ്ക്ക് കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് വാടകയിൽ ഇളവ് അനുവദിക്കുക, മുനിസിപ്പാലിറ്റി ലൈസൻസ് ഫീസിൽ ഇളവ് അനുവദിക്കുക, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് ആറു മാസത്തെ വാടക ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കണം

തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ