oxygenwarroom
കളക്ടർ എച്ച് ദിനേശൻ വാർ റൂം സന്ദർശിക്കുന്നു.

ഇടുക്കി: കൊവിഡ് ബാധിതർക്ക് ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിഒസിഎസ് 200 മോഡൽ ഓക്‌സിജൻ ജനറേറ്റർ പ്രവർത്തനമാരംഭിച്ചു.അന്തരീക്ഷത്തിൽ നിന്ന് ഓക്‌സിജൻ വേർതിരിച്ചെടുക്കുന്ന സംവിധാനമാണിത്. ഒരു മിനിറ്റിൽ 200 ലിറ്റർ ഓക്‌സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് ഈ ജനറേറ്ററിനുള്ളത്. 41 സിലിണ്ടറുകളിൽ നിറയ്ക്കാവുന്ന ഓക്‌സിജന് തുല്യമായ അളവിൽ ഇങ്ങനെ ദിവസവും ഉത്പാദിപ്പിക്കാനാകും. അന്തരീക്ഷവായുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഓക്‌സിജൻ കേന്ദ്രീകൃത ഓക്‌സിജൻ ശൃംഖലയിലൂടെ ആശുപത്രിയുടെ വിവിധ വിഭാഗങ്ങളിൽ എത്തിക്കാൻ കഴിയും. വൈദ്യുതി മന്ത്രിയായിരിക്കെ എംഎം മണി മെഡിക്കൽ കോളേജിന് അനുവദിച്ച കെഎസ്ഇബി യുടെ പ്രത്യേക തുകയിൽ നിന്നും അൻപത് ലക്ഷത്തോളം രൂപ മുടക്കിയാണ് ഓക്‌സിജൻ ജനറേറ്റർ സ്ഥാപിച്ചത്.

ഓക്‌സിജൻ മുടങ്ങില്ല;

വാർ റൂം സജ്ജം

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കളക്ടറേറ്റിൽ ജില്ലാതല ഓക്‌സിജൻ വാർ റൂം പ്രവർത്തനം ആരംഭിച്ചു.ജില്ലയിലെ വിവിധ ആശുപത്രികളിലെ ഓക്‌സിജൻ ലഭ്യത നിരീക്ഷിച്ച് ആവശ്യമുള്ളിടത്ത് ഓക്‌സിജൻ എത്തിക്കുന്നതിനും വിവിധയിടങ്ങളിൽനിന്ന് ഓക്‌സിജൻ സംഭരിക്കുന്നതിനുമുള്ള 24 മണിക്കൂർ സംവിധാനമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഫോൺ നമ്പർ 04862 233118.