ഇടുക്കി: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തോട്ടം മേഖലയിലടക്കം തൊഴിലാളികൾ മറ്റു ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായി എല്ലാദിവസവും വന്നു പോകുന്ന പതിവ് അനുവദിക്കേണ്ടന്ന് ജില്ല കലക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എം പി യുടേയും എം എൽ എ മാരുടേയും കൊവിഡ് പ്രതിരോധ താലൂക്ക് ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.അടുത്ത പത്തു ദിവസം അന്യ സംസ്ഥാനത്ത് നിന്ന് ജോലിക്കാരെ അനുവദിക്കുന്നതല്ല. എന്നാൽ ലയങ്ങളിലും മറ്റും താമസിക്കുന്നവർക്ക് ചെറിയ തോതിൽ തോട്ടം മേഖലകളിൽ ജോലി ചെയ്യാൻ അനുവദിക്കും.

ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി

കടകൾ വീതം തുറക്കും

കട്ടപ്പന, മൂന്നാർ, തൊടുപുഴ തുടങ്ങി ജില്ലയിലെ തിരക്കേറിയ മാർക്കറ്റുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രാദേശിക തലത്തിൽ പൊലീസിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി കടകൾ വീതം തുറക്കാൻ അനുവദിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.

ആശുപത്രികളിൽ ആവശ്യത്തിന് ഐസിയു ബെഡ്, വെന്റിലേറ്ററുകൾ തുടങ്ങിയവയുണ്ട്. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഓരോ ആശുപത്രികളിലും ഡെപ്യൂട്ടി തഹസീൽദാർമാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ഡൊമിസിലറി കെയർ സെന്ററുകൾ തുറക്കാൻ പഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാത്തതും വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ വേണ്ടത്ര സൗകര്യമില്ലാത്തതുമായ രോഗികളെയാണ് ഡൊമിസിലറി കെയർ സെന്ററുകളിലേക്ക് മാറ്റുക.

ഓക്സിജൻ ക്ഷാമമില്ല

ജില്ലയിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ജനറേറ്റർ പ്രവർത്തനമാരംഭിച്ചത് കൂടാതെ സർക്കാരിൽ നിന്നും 300 ജമ്പോ സിലിണ്ടറുകൾ ജില്ലയിലേക്കെത്തും.15 സാധാരണ സിലിണ്ടറുകൾക്ക് തുല്യമാണ് ഒരു ജമ്പോ സിലണ്ടർ. കപ്പൽ നിർമാണ ശാലയിൽ നിന്നും 81 സിലണ്ടർ ഇന്നലെ നിറച്ച് നല്കിയിട്ടുണ്ട്. 150 ഓളം ഇന്ന് ലഭിക്കും. വ്യവസായ ശാലകളിൽ ഉപയോഗിക്കുന്ന 609 സിലിണ്ടറുകൾ കണ്ടെത്തി വെച്ചിട്ടുണ്ട്. അതിൽ മുന്നൂറെണ്ണം ആശുപത്രി, മെഡിക്കൽ ആവശ്യങ്ങൾക്കായി ഓക്‌സിജൻ സിലണ്ടറാക്കി മാറ്റിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് നിലവിൽ ഓക്‌സിജൻ സിലണ്ടറുകൾ നല്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇനിയും നല്കുമെന്ന് കളക്ടർ പറഞ്ഞു.

എം. എം. മണി അഡ്വ. ഡീൻ കുര്യക്കോസ് എംപി, പി.ജെ ജോസഫ്, റോഷി അഗസ്റ്റിൻ, എസ് രാജേന്ദ്രൻ, ഇ.എസ് ബിജിമോൾ, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി, എഡിഎം അനിൽ കുമാർ, ഡിഎംഒ ഡോ. പ്രിയ എൻ, ആർഡിഒ അനിൽ ഉമ്മൻ തുടങ്ങി വിവിധ വകുപ്പ്തല മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.