തൊടുപുഴ: ഇന്ന് മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ ടൗണുകളിൽ തിരക്കേറി. നിരത്തുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇന്നു മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതോടെ പുറത്തിറങ്ങാനാവാത്ത സാഹചര്യം സംജാതമാകുമെന്ന കണക്കുകൂട്ടലിൽ നല്ലൊരു വിഭാഗം ജനങ്ങൾ ഇന്നലെ അവശ്യ സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങി. സ്വകാര്യ വാഹനങ്ങളുടെയും ഇരു ചക്രവാഹനങ്ങളുടെയും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇന്ന് ലോക്ക് ഡൗണായതിനാൽ പോലീസ് കഴിഞ്ഞ ദിവസങ്ങളിലെ പോലെ വാഹന പരിശോധന കർശനമാക്കിയിരുന്നില്ല. എന്നാൽ ഇന്നു മുതൽ പരിശോധനയും നിരീക്ഷണവും കർശനവും കർശനമാക്കാനാണ് തീരുമാനം. പ്രധാന പാതകൾ ബാരിക്കേഡ് സ്ഥാപിച്ച് തടയും. വളരെ അടിയന്തര സാഹചര്യ ആവശ്യങ്ങളുമായി എത്തുന്നവരെ മാത്രമായിരിക്കും കടത്തി വിടുക.
പൊതുമാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറി, മൽസ്യ, മാംസ മാർക്കറ്റുകളിൽ ഉപഭോക്താക്കളുടെ നീണ്ട നിരയായിരുന്നു. സപ്ലൈക്കോ മാർക്കറ്റുകൾക്കു മുന്നിലും ജനങ്ങൾ തിക്കിത്തിരക്കിയെത്തി. ലോക്ക് ഡൗണാമെങ്കിലും അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും സാധാരണക്കാർ കണക്കിലെടുത്തില്ല.