തൊടുപുഴ: കൊവിഡ് രണ്ടാം തരംഗത്തിൽ ആവശ്യക്കാർ ഏറിയതോടെ രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്ന പൾസ് ഓക്‌സിമീറ്റർ ജില്ലയിൽ ഒരിടത്തും കിട്ടാനില്ല. ആരോഗ്യപ്രശ്നങ്ങളില്ലാത്ത കൊവിഡ് രോഗികൾ വീടുകളിൽ കഴിഞ്ഞാൽ മതിയെന്ന നിർദേശം തുടർന്നാണ് മുമ്പ് ആശുപത്രികളിൽ മാത്രം ഉപയോഗിച്ചിരുന്ന ഈ ഉപകരണത്തിന് ആവശ്യക്കാരേറിയത്. ജില്ലയിൽ പ്രതിദിനം ആയിരത്തിലേറെ രോഗികളായതോടെ രണ്ടാഴ്ചയായി ഒരു മെഡിക്കൽ സ്റ്റോറിലും ഓക്സിമീറ്റർ കിട്ടാനില്ല. വിതരണക്കാരുടെ കൈയിലും സ്റ്റോക്കില്ലെന്നാണ് ലഭിക്കുന്ന മറുപടിയെന്ന് മെഡിക്കൽ സ്റ്റോർ ഉടമകൾ പറയുന്നു. മുമ്പ് മാസത്തിൽ ഒന്നോ രണ്ടോ മാത്രം ചെലവായിരുന്ന ഉത്പന്നമായിരുന്നു ഇത്.

ഇപ്പോൾ ദിവസവും എട്ടും പത്തും പേരാണ് മരുന്നുക്കടകളിൽ ഓക്സിമീറ്റർ ചോദിച്ച് വരുന്നത്. കൊവിഡ് രണ്ടാം തരംഗത്തിൽ രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നത് പ്രധാനലക്ഷണങ്ങളിലൊയതിനാൽ വീടുകളിൽ കഴിയുന്നവർക്ക് പൾസ് ഓക്സിമീറ്റർ കൂടിയേ തീരു. സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകളിൽനിന്നാണ് ഇവ വിതരണം ചെയ്യുന്നത്. തൊടുപുഴയിലെ പത്തോളം സർജിക്കൽ ഉപകരണ കടകളുണ്ടെങ്കിലും ഒരിടത്തും ഓക്സിമീറ്റർ സ്റ്റോക്കില്ല. കിട്ടാതായതോടെ മുംബെയിൽ നിന്നും മറ്റും വാങ്ങിക്കൊണ്ട് വന്ന് കരിഞ്ചന്തയിൽ വിൽക്കാൻ ചിലർ ശ്രമിക്കുന്നതായും വിവരമുണ്ട്. അതേസമയം അവസരം മുതലെടുത്ത് കമ്പനികൾ കൃത്രിമമായി ക്ഷാമം ഉണ്ടാക്കുന്നതാണെന്നും ആക്ഷേപമുണ്ട്.


പല വില

കൊവിഡിന്റെ തുടക്കത്തിൽ മാസ്കുകൾക്ക് തോന്നിയ വില ഈടാക്കിയപോലെ ഓക്സിമീറ്ററിനും പല വിലയാണ് കമ്പനിയാണ് ഈടാക്കുന്നത്. കൊവിഡിന് മുമ്പ് 600- 900 രൂപയ്ക്ക് വാറന്റിയുള്ള അത്യാവശ്യം ഗുണനിലവാരമുള്ള ഓക്സിമീറ്ററുകൾ ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ വില രണ്ടായിരം കടന്നു. അതിനും കിട്ടാനില്ലെന്നതാണ് സ്ഥിതി. ചില ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാണ്. ഇതിൽ പലതിനും വേണ്ടത്ര ഗുണനിലവാരമില്ലെന്നതാണ് പ്റശ്നം.

പ്രശ്നം ലോക്ക്‌ഡൗൺ

കർണാടകയിൽ ലോക്ക്‌ഡൗൺ ആരംഭിച്ചത് മുതൽ ഓക്സിമീറ്ററടക്കമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വരവ് കുറഞ്ഞു. കേരളത്തിൽ മിനിലോക്ക്‌‌ഡൗൺ ആരംഭിച്ചതോടെ ഇവിടേക്കുള്ള ചരക്ക് ലോറികളുടെ വരവ് കുറഞ്ഞു. ഇതോടെയാണ് ക്ഷാമം നേരിട്ട് തുടങ്ങിയത്. ഓക്സിമീറ്റിനൊപ്പം ഗുണനിലവാരമുള്ള മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ക്ഷാമവും രൂക്ഷമാണ്.

ഓക്‌സിമീറ്ററിന്റെ പ്രവർത്തനം ഇങ്ങനെ

ശരീരം സാധാരണനിലയിലുള്ളപ്പോൾ പൾസ് ഓക്സിമീറ്ററിൽ നടുവിരലിലോ ചൂണ്ട് വിരലിലോ ഘടിപ്പിക്കണം. പ്രതിദിനം മൂന്ന് തവണ ഇത്തരത്തിൽ റീഡിംഗ് എടുക്കണം. റീഡിംഗ് 93 അതിൽ കുറവോ ആണെങ്കിൽ ആരോഗ്യപരിശോധകന്റെ സേവനം തേടണം.

''ഒരാഴ്ചയിലേറെയായി സ്റ്റോക്ക് തീർന്നിട്ട്. ഒരു മെഡിക്കൽ സ്റ്റോറിലും കിട്ടാനില്ല. വിലയും വൻതോതിൽ ഉയർന്നു. നേരത്തെ ഡോക്ടർമാരോ കിടപ്പ് രോഗികളോ മാത്രം ചോദിച്ച് വന്നിരുന്ന ഉപകരണത്തിന് ഇപ്പോൾ നിരവധി ആവശ്യക്കാരാണ്."

-ഫാർമസിസ്റ്റ് രവീന്ദ്രൻ

(നീതി മെഡിക്കൽ സ്റ്റോർ,

തൊടുപുഴ)