തൊടുപുഴ: ലോക്ക്ഡൗൺ വീണ്ടുമെത്തിയതോടെ ജില്ലയിലെ വ്യാപാര- വ്യവസായ മേഖലയുടെ നടുവൊടിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെയുള്ള ഉത്സവ ആഘോഷ സീസണുകളും വിവാഹങ്ങളും സ്‌കൂൾ സീസണുമെല്ലാം പൂർണമായും നഷ്ടമായി. അവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് മാത്രമാണ് നിലവിൽ തുറക്കുന്നത്. ജനങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതിയില്ലാത്തതിനാൽ ഈ കടകളിലും കച്ചവടം തീരെയില്ല. ലോക്ക്ഡൗൺ വീണ്ടും നീട്ടിയതോടെ ആത്മഹത്യയുടെ വക്കിലാണ് ജില്ലയിലെ ചെറുകിട വ്യാപാരികൾ. അതേസമയം ഓൺലൈൻ ഡെലിവറിയും ഹോം ഡെലിവറി സൗകര്യമുള്ള വ്യാപാരികൾ മാത്രമാണ് ഇക്കാലത്ത് വിപണിയിൽ നിലനിൽക്കുന്നത്. റിലയൻസ് ഉൾപ്പെടെയുള്ള വമ്പന്മാരോട് പടവെട്ടിയാണ് ചെറുകിട വ്യാപാരികൾ ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നത്. ഫോൺ നമ്പറിൽ ഓർഡർ നൽകിയാൽ വീട്ടിലെത്തിക്കുന്ന സ്ഥാപനങ്ങളും തൊടുപുഴ, അടിമാലി, കട്ടപ്പന പോലുള്ള പ്രധാന നഗരങ്ങളിലുണ്ട്. തൊടുപുഴയിലെ വ്യാപാരികളുടെ സഹകരണത്തോടെ ഓൺലൈൻ ഡെലിവറിക്കായി 'യോപ്പോ" എന്ന പേരിൽ കഴിഞ്ഞ ഒക്ടോബറിൽ ഒരു മൊബൈൽ ആപ്പുണ്ടാക്കിയിരുന്നു. എന്നാൽ അതിപ്പോൾ അത്ര സജീവമല്ല. ജിയോ മാർട്ട്, പെൽഡാനോ എന്നീ മൊബൈൽ ആപ്പുകൾ വഴി തൊടുപുഴ മേഖലയിൽ അത്യാവശ്യം സാധനങ്ങളെല്ലാം വീട്ടിലെത്തും. ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന കച്ചവടക്കാർക്കാണ് ഓൺലൈനിൽ ഡിമാൻഡ്. മത്സ്യവും ഇറച്ചിയും മുതൽ പാകം ചെയ്ത എല്ലാത്തരം ഭക്ഷണങ്ങളും ഞൊടിയിടയിൽ വീട്ടുപടിക്കലെത്തും. കൊവിഡ് കാലത്തിന് മുമ്പ് 10 ശതമാനമാനത്തിൽ താഴെയായിരുന്ന ഓൺലൈൻ വ്യാപാരം കൊവിഡ് എത്തിയതോടെ 90 ശതാനം പിന്നിട്ടതായാണ് കണക്ക്. ഉപ്പ് മുതൽ കർപ്പൂരം വരെ ഓൺലൈനിൽ ലഭ്യമാകുന്നത് ഉപഭോക്താക്കൾക്കും ആശ്വാസമാണ്. വീട്ടുപടിക്കലെത്തുന്ന സാധനത്തിൽ സർവീസ് ചാർജിനത്തിൽ ചെറിയതുക നൽകണമെന്നതൊഴിച്ചാൽ, എല്ലാ തരത്തിലും ലാഭകരമാണ് ഓൺലൈൻ വിപണി. സമ്പർക്കം ഒഴിവാക്കാൻ ജനം കൂടുതൽ ജാഗ്രത പാലിക്കുന്നതാണ് വിപണിക്ക് സഹായകമാകുന്നത്. എല്ലാം നിശ്ചലാവസ്ഥയിലായതോടെ രക്ഷപ്പെട്ടത് ഇത്തരം ഓൺലൈൻ കച്ചവടക്കാർ മാത്രമാണ്.
പേയ്മന്റും ഡിജിറ്റലായി
അവശ്യവസ്തുക്കളും ഭക്ഷണവും മരുന്നും മറ്റും വാങ്ങാൻ ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതലായി പ്രയോജനപ്പെടുത്തുകയാണ് ഏവരും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ വൻവർദ്ധനവും ഉണ്ടായി. പ്രാദേശിക സ്റ്റോറുകളിലടക്കം യു.പി.ഐ പോലുള്ള ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തി. മെഡിക്കൽ സപ്ലൈസ്, ടെലികോം റീചാർജുകൾ, യൂട്ടിലിറ്റി ബില്ലുകൾ എന്നിവ ഓൺലൈനായി അടയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി കമ്പനികളും ബാങ്കുകളും സാക്ഷ്യപ്പെടുത്തുന്നു.
'വലിയ പ്രതിസന്ധിയാണ് വ്യാപാരമേഖല നേരിടുന്നത്. കൊവിഡ് കാലത്ത് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിക്കാത്ത ഏക വിഭാഗമാണ് വ്യാപാരികൾ. ഇനിയെങ്കിലും സർക്കാർ പരിഗണിച്ചില്ലെങ്കിൽ അടുത്തകാലത്തൊന്നും ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനാകുമെന്ന് തോന്നുന്നില്ല. "
- ടി.സി. രാജു തരണിയിൽ
(വ്യാപാര വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ്)