തൊടുപുഴ: കൊവിഡ് രണ്ടാം തരംഗത്തെ തടുത്ത് നിറുത്താൻ ജനം ഒന്നായി വീട്ടിലിരുന്നപ്പോൾ നാടും നഗരവും ഒരുപോലെ ലോക്കായി. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, പീരുമേട്, അടിമാലി, ചെറുതോണി, മൂന്നാർ തുടങ്ങിയ പ്രധാന ടൗണുകളെല്ലാം നിശ്ചലമായി. ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും രാവിലെ മുതൽ പുറത്തിറങ്ങാതെ രണ്ടാം ലോക്ക്‌ഡൗണിനോട് സഹകരിച്ചു. പൊലീസും അവശ്യസർവീസുകളും മാത്രമാണ് നിരത്തുകളിൽ ഉണ്ടായിരുന്നത്. കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകൾ, ടാക്‌സികൾ, ആട്ടോറിക്ഷകൾ ഒന്നും സർവീസ് നടത്തിയില്ല.സാധാരണ ഹർത്താലിന് കാണുന്ന ഇരുചക്ര വാഹനങ്ങൾ പോലും റോഡുകളിൽ വളരെ വിരളമായിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന പലചരക്ക്, പച്ചക്കറി കടകളും മെഡിക്കൽ സ്റ്റോറുകളും പെട്രോൾ പമ്പുകളം മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ആളുകൾ തീരെ എത്തായതോടെ പലതും ഉച്ചയോടെ അടച്ചു. ബേക്കറികൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും പലയിടത്തും തുറന്നില്ല. ആരാധാനാലയങ്ങളും അടഞ്ഞു കിടന്നു. നിയന്ത്രണങ്ങളോട് പൊതുവെ ജനം സഹകരിച്ചതോടെ പൊലീസിന് ജോലി കൂടുതൽ എളുപ്പമായി. ജില്ലാ അതിർത്തികളിൽ വാഹനങ്ങൾ തടഞ്ഞ് പൊലീസ് പരിശോധിച്ചു. പാസുകളോ സത്യവാങ്മൂലമോ കാണിച്ചവരെ മാത്രമാണ് കടത്തിവിട്ടത്. അല്ലാത്തവർക്കെതിരെ കേസെടുത്തു. നിയന്ത്രണങ്ങൾ ശക്തമായതോടെ കറങ്ങാനിറങ്ങിയവർ ഉൾവലിഞ്ഞു.