ഉടുമ്പന്നൂർ : പോക്കറ്റ് മണിയിൽ നിന്നും മിച്ചം പിടിച്ച തുക വാക്‌സിൻ ചലഞ്ചിലേക്ക് കൈമാറി ഐ.ടി.ഐ വിദ്യാർത്ഥിനി . ഉടുമ്പന്നൂർ കോട്ടക്കവല ചേരിയിൽ സജിയുടെ മകൾ ശൃതി സജിയാണ് പലപ്പോഴായി രക്ഷിതാക്കൾ തനിക്ക് നൽകിയ പോക്കറ്റ് മണിയിൽ നിന്നും മിച്ചം പിടിച്ച 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകിയത്. പാലായിൽ ഐ.ടി.ഐ വിദ്യാർത്ഥിനിയായ ശ്രുതി കേരള ഗവൺമെന്റിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് സംഭാവന നൽകാൻ തീരുമാനിച്ചത്. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് എം. ലതീഷിന് പണം കൈമാറി. സംഭാവന തിങ്കളാഴ്ച മുഖമന്ത്രിക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.