തൊടുപുഴ: നഗരസഭ വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്ററിൽ ആരംഭിച്ചിട്ടുള്ള കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റർ ചെയർമാൻ സനീഷ് ജോർജ്ജ് നാടിന് സമർപ്പിച്ചു. തൊടുപുഴയിൽ പ്രവർത്തനമാരംഭിക്കുന്ന രണ്ടാമത്തെ കൊവിഡ് ചികിത്സാ കേന്ദ്രമാണിത്. പുരുഷന്മാർക്കായി 35ഉം സ്ത്രീകൾക്കായി 30ഉം ബെഡുകളാണ് നിലവിൽ സജ്ജീകരിച്ചിട്ടുള്ളത്. ശനിയാഴ്ച മുതൽ തന്നെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ബെഡിന്റെ ലഭ്യതക്കുറവിന് ഇത് പരിഹാരമാകുമെന്നും ആവശ്യമെങ്കിൽ കൂടുതൽ ബെഡുകൾ ഏർപ്പെടുത്താൻ സാധിക്കുമെന്നും ചെയർമാൻ അറിയിച്ചു. ആരോഗ്യകാര്യ ഉപസമിതി ചെയർമാൻ എം.എ. കരീം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ നിധി മനോജ്, മുൻ കൗൺസിലർ കെ.കെ. ഷിംനാസ്, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ്, സെന്റർ നോഡൽ ആഫീസർ ഡോ. രജിത്, ന്യൂമാൻ ഇൻഡോർ സ്റ്റേഡിയത്തിലെ കൊവിഡ് സെന്റർ നോഡൽ ആഫീസർ ഡോ. ദിലീപ്, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ്‌രാജ്, കൊവിഡ് സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.