ഇടുക്കി: ജില്ലയിലെമ്പാടും പൊലീസ് നടത്തിയ പരിശോധനയിൽ ലോക്ക്‌ഡൗൺ ലംഘനം നടത്തിയ 87 പേർക്കെതിരെ പൊലീസ് കേസെടുത്തു. 719 പെറ്റി കേസുകൾ രജിസ്റ്റർ ചെയ്തു. 3859 പേരെ താക്കീത് ചെയ്തു വിട്ടയച്ചു. ജില്ലയിലെ നാല് അന്തർ സംസ്ഥാന ചെക്പോസ്റ്റുകളിലും ജില്ലാ അതിർത്തികളിലും കാനന പാതകളിലുമാണ് പൊലീസും മറ്റ് ഇതര വകുപ്പുകളും ചേർന്ന് സംയുക്ത പരിശോധന നടത്തിയത്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ അത്യാവശ്യ ഡ്യൂട്ടിക്ക് ശേഷമുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കർശന പരിശോധനകൾക്കായി നിയോഗിച്ചിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസാമി, അഡീഷണൽ എസ്.പി എസ്. സുരേഷ് കുമാർ എന്നിവരുടെ നേതൃതത്തിൽ ജില്ലയിലെ എല്ലാ ഡിവൈ.എസ്.പിമാരും, എല്ലാ എസ്.എച്ച്.ഒ മാരും ഉൾപ്പെടെ 1216 പൊലീസ് ഉദ്യോഗസ്ഥരും 176 വോളണ്ടിയർമാരും ലോക്ക് ഡൗൺ പരിശോധനയ്ക്ക് രംഗത്തുണ്ട്. 96 മൊബൈൽ പട്രോൾ, 90 ബൈക്ക് പട്രോൾ എന്നിവ അതിർത്തികളിൽ ഉൾപ്പെടെ വിന്യസിച്ചു പരിശോധനകൾ നടത്തുന്നുണ്ട്.
ലോക്ക്‌ഡൗൺ അവസാനിയ്ക്കുന്നത് വരെ കർശന നിയന്ത്രണങ്ങളും പരിശോധനകളും തുടരുന്നതാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
രേഖയില്ലെങ്കിൽ അതിർത്തി കടത്തില്ല
ഇടുക്കി- എറണാകുളം ജില്ലകളുടെ അതിർത്തിയായ അച്ചൻകവല, ഇടുക്കി- കോട്ടയം ജില്ലകളുടെ അതിർത്തിയായ നെല്ലാപ്പാറ എന്നിവിടങ്ങളിൽ വ്യക്തമായ രേഖകളുമായി വരുന്നവരെ മാത്രമാണ് മാത്രമാണ് കടത്തി വിടുന്നത്. ഇരു ജില്ലകളിൽ നിന്നും ഓരോ സബ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്. എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതിനായി റോഡിൽ ബാരിക്കേഡിന് പുറമെ അതിർത്തിയിലെ ഗതാഗതം ഒറ്റവരിയായി നിയന്ത്രിച്ചിട്ടുമുണ്ട്. വ്യക്തമായ രേഖകളുടെ അഭാവത്തിൽ വാഹനവുമായി എത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിച്ച് മടക്കി അയക്കും. ലോക്ക് ഡൗൺ അവസാനിക്കും വരെയും ഇവിടങ്ങളിൽ പരിശോധനയുണ്ടാവും.