ചെറുതോണി:കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മരിയാപുരം കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർക്കെതിരെ എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നതുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയ് പറഞ്ഞു .
വളരെ നല്ലരീതിരിയിൽ പ്രവർത്തിക്കുന്ന മരിയാപുരം എഫ് എച്ച് സിയ്ക്ക് എതിരെ ചില ജീവനക്കാർ തെറ്റിദ്ധാരണ പരത്തുന്നരീതിയിൽ വന്ന വാർത്ത തികച്ചും അപലപനീയമാണ്. മരിയാപുരം പഞ്ചായത്ത് സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളതും വരുമാനം തീരെ കുറഞ്ഞതും പലപ്പോഴും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും തികയുകയില്ല . ലഭ്യമായ തുകയിൽനിന്നു പരമാവധി മെച്ചപ്പെട്ട നിലയിൽ നല്ല പ്രവർത്തങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.സാമ്പത്തിക വരുമാനമുള്ള മറ്റു പഞ്ചായത്തുകളെക്കാൾ അസൂയാവഹമായ പ്രവർത്തനങ്ങളാണ് ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ചെയ്തുവരുന്നത്.
പാലിയേറ്റിവ് പ്രവർത്തങ്ങളിലും കോവിഡ് പ്രധിരോധ രംഗത്തും എല്ലാവരെയും ഒരുമിച്ച് നിർത്തികൊണ്ടുള്ള പ്രവർത്തനമാണ് മരിയാപുരം കുടുംബാരോഗ്യ കേന്ദ്രം നടത്തി വരുന്നത്. കോവിഡ് വാക്‌സിനേഷൻ, ആന്റിജൻ, ആർ ടി പി സി ആർ എന്നിവ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകുന്നു. മരിയാപുരം പഞ്ചായത്തുൾപ്പെടെ 3 പഞ്ചായത്തിലുള്ള ജനങ്ങൾ ജീവിതശൈലി രോഗങ്ങൾക്കും മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.
ഡോക്ടറെയും ടീമിനെയും സമ്മർദ്ദത്തിലാക്കുന്നതിനുവേണ്ടി ചിലർ ബോധപൂർവ്വം നടത്തുന്ന പ്രവർത്തങ്ങളെ പൊതുജങ്ങളോടൊപ്പം പഞ്ചായത്ത് ഭരണ സമിതിയും എതിർക്കുന്നതായിരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.