തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ജനറേറ്റർ പ്ലാന്റ് സ്ഥാപിക്കാൻ നടപടി കൈക്കൊള്ളുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ഇതിന് ആവശ്യമായ ഒരു കോടിയോളം രൂപ എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്ന് നൽകും. ഇതിനായി ധനകാര്യ വകുപ്പിൽ നിന്ന് പ്രത്യേകാനുമതി വാങ്ങിക്കേണ്ടതുണ്ട്. തൊടുപുഴ മേഖലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. അന്തരീക്ഷത്തിൽ നിന്ന് വാക്വം കംപ്രസർ ഉപയോഗിച്ച് പ്ലാന്റിലൂടെ ഓക്‌സിജൻ ഉത്പാദിപ്പിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം അറുപതിലധികം സിലിണ്ടർ ഓക്‌സിജൻ ഇവിടെ ഉത്പാദിപ്പിക്കാനാകും. ഇതു സംബന്ധിച്ച കാര്യങ്ങൾ അധികൃതരുമായി ജോസഫ് ചർച്ച നടത്തി. നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുകയും ഐ.സി.യു ബെഡുകൾ അടക്കമുള്ളവ ജില്ലാ ആശുപത്രിയിൽ സജ്ജീകരിക്കുകയും ചെയ്തിരുന്നു. നിലവിലുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നത് സംബന്ധിച്ചും ജോസഫ് ആശുപത്രി അധികൃതരുമായി സംസാരിച്ചു.