sobhana
നെടുങ്കണ്ടം യുപി സ്‌കൂളിൽ ആരംഭിച്ചിരിക്കുന്ന ഡൊമിസിലറി കൊവിഡ് കെയർ സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

നെടുങ്കണ്ടം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡൊമിസിലറി കൊവിഡ് കെയർ സെന്റർ (ഡി.സി.സി) പ്രവർത്തനം ആരംഭിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്‌കൂളിലാണ് കേന്ദ്രം ആരംഭിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്ത, പ്രത്യക്ഷ രോഗലക്ഷണമില്ലാത്ത രോഗികൾക്ക് വേണ്ടിയാണ് ഡൊമിസിലറി കെയർ സെന്റർ തുടങ്ങിയിട്ടുള്ളത്. നിലവിൽ 50 കിടക്കകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൊവിഡ് ബാധിതരായ സ്ത്രീകൾക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗികൾക്ക് ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക നിരീക്ഷണത്തിനൊപ്പം ഭക്ഷണ വിതരണത്തിനായി കാന്റീൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സെന്ററിൽ 24 മണിക്കൂറും ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും സേവനം ലഭ്യമാകും. അവശ്യഘട്ടങ്ങളിൽ ആംബുലൻസ്, പൊലീസ് സേവനവും ലഭ്യമാണ്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ ഡൊമിസിലറി കൊവിഡ് കെയർ സെന്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ നടക്കൽ, പഞ്ചായത്തഅംഗങ്ങളായ ബിന്ദു സഹദേവൻ, ഡി. ജയകുമാർ, എം.എസ്. മഹേശ്വരൻ, ബ്ലോക്ക് മെഡിക്കൽ ആഫീസർ വി.കെ. പ്രശാന്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രവീൺ എന്നിവരും പങ്കെടുത്തു.